കൊല്ലം: 17 വര്‍ഷത്തെ ഇടവേളക്ക് ശേഷം മന്ത്രിയെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കൊട്ടാരക്കര മണ്ഡലം. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് ശേഷം കൊട്ടാരക്കരയിൽ നിന്നുള്ള മന്ത്രിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെഎൻ ബാലഗോപാല്‍ ചുമതലയേല്‍ക്കും. 1982ല്‍ പുനലൂർ എസ്‌എൻ കോളേജിൽ മാഗസിൻ എഡിറ്ററായി വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ബാലഗോപാല്‍ പിന്നീട് കോളജ് യൂണിയൻ ചെയർമാനായി. 1985ൽ എസ്‌എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർഥി നേതാവിൽ നിന്ന് വിഎസിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി വരെ
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പദവിയില്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ ശേഷം 1998ല്‍ സിപിഎം സംസ്ഥാന സമിതി അംഗമായി. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. 2010ല്‍ രാജ്യസഭാംഗമായ ബാലഗോപാല്‍ മികച്ച പാർലമെന്‍റ് അംഗമെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 2016ലെ മികച്ച പാർലമെന്‍റേറിയനുള്ള സൻസദ് രത്ന പുരസ്കാരം നേടിയ ബാലഗോപാല്‍ 2015ൽ സിപിഎം കൊല്ലം ജില്ല സെക്രട്ടറിയായി. 2018 മുതൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.
പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയായ ബാലഗോപാല്‍ പുനലൂർ എസ്എൻ കോളജിൽ നിന്ന് ബികോം ബിരുദവും തിരുവനന്തപുരം എംജി കോളജിൽ നിന്ന് എംകോം ബിരുദവും സ്വന്തമാക്കി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും പിന്നീട് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി. പഠനശേഷം ദേശസാത്കൃത ബാങ്കിൽ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് സംഘടന പ്രവർത്തനത്തില്‍ സജീവമായത്.