കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം ചൂടി കണ്ണൂര്‍ ജില്ല. 952 പോയന്‍റോടെയാണ് കണ്ണൂര്‍ കിരീടത്തിൽ മുത്തമിട്ടത് (Kerala School Kalolsavam 2024 Kannur wins). 949 പോയന്‍റ് നേട്ടവുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്‍റോടെ പാലക്കാട് മൂന്നാം സ്ഥാനവും 925 പോയന്‍റോടെ തൃശൂര്‍ നാലാം സ്ഥാനവും സ്വന്തമാക്കി.
23 വര്‍ഷത്തിന് ശേഷമാണ് കലാകിരീടം കണ്ണൂരിന്‍റെ മണ്ണിലേക്ക് എത്തുന്നത്. ഇതിന് മുന്‍പ് 1960, 1997, 1998, 2000 വര്‍ഷങ്ങളിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്.
മറ്റ് ജില്ലകളുടെ പോയന്‍റ് നില ഇങ്ങനെ:
തൃശൂർ - 925
മലപ്പുറം - 913
കൊല്ലം - 910
എറണാകുളം - 899
തിരുവനന്തപുരം - 870
ആലപ്പുഴ - 852
കാസർകോട് - 846
കോട്ടയം - 837
വയനാട് - 818
പത്തനംതിട്ട - 774
ഇടുക്കി - 730
സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂള്‍ ആണ് ഒന്നാമതെത്തിയത്. 249 പോയന്‍റാണ് ഇവർ നേടിയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളാണ്. 116 പോയന്‍റോടെയാണ് ഇവർ രണ്ടാം സ്ഥാനത്തെത്തിയത്.
സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ മമ്മൂട്ടിയാണ് ഓവറോൾ ചാംപ്യന്മാരായ കണ്ണൂർ ജില്ല ടീമിന് സ്വർണ്ണക്കപ്പ് സമ്മാനിച്ചത്. ജയപരാജയങ്ങൾ കലാപ്രവർത്തനത്തെ ബാധിക്കരുതെന്ന് നടൻ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. അതേസമയം അടുത്തവർഷം മുതൽ പുതിയ മാനുവൽ അനുസരിച്ചാവും കലോത്സവം നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തത്. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
അതേസമയം ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം പരാതിരഹിതമായിരുന്നെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ ഇതുവരെ ഒരു അനിഷ്‌ട സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. കലോത്സവത്തിന്‍റെ ഭാഗമായത് ആകെ 205 വിധികർത്താക്കളാണ്. ഇവരിൽ ആർക്കെതിരെയും പരാതി ഉയർന്നിട്ടില്ല.
ഇതുവരെ 570 അപ്പീലുകളാണ് വന്നത്. ഇതിൽ 359 എണ്ണം ഡിഡിമാർ അനുവദിച്ചതും 211 എണ്ണം കോടതികൾ അനുവദിച്ചതും ആയിരുന്നു. കഴിഞ്ഞവർഷം ആകെ വന്ന അപ്പീലുകളുടെ എണ്ണം 362 ആണ്. സംസ്ഥാന കലോത്സവത്തിൽ വന്ന 160 ഹയർ അപ്പീലുകളിൽ 131 ഇതുവരെ തീർപ്പാക്കിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
READ MORE: പരാതിരഹിതമെന്ന് മന്ത്രിമാർ, മുഖ്യാതിഥിയായി മമ്മൂട്ടി