കൊല്ലം: കൊവിഡ് കാലത്ത് വന്നെത്തിയ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിലാക്കാൻ നെട്ടോട്ടം ഓടുകയാണ് സ്ഥാനാർഥികൾ. പതിവിന് വിപരീതമായി വൈവിധ്യമാർന്ന പ്രചാരണ വസ്‌തുക്കളാണ് വിപണി കീഴടക്കുന്നത്. സ്ഥാനാർഥികളുടെ ഫോട്ടോ പതിപ്പിച്ച മാസ്‌കിൽ തുടങ്ങുന്നു ഈ കൗതുകം.
കൊല്ലം ചിന്നക്കടയിലെ സുൽഫിക്കറുടെ കടയിലെത്തുവർക്ക് ബൂത്ത് കമ്മിറ്റി ഓഫിസിന്‍റെ പ്രതീതിയാണ് ലഭിക്കുക. എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച അരിവാൾ ചുറ്റിക നക്ഷത്രവും കൈപ്പത്തിയും താമര ചിഹ്നവും. ഷർട്ടിന്‍റെ പോക്കറ്റിൽ പിൻ ചെയ്യാവുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ. മോദിയുടെ തലപ്പാവിനും രാഹുലിന്‍റെ തൊപ്പിക്കും ആവശ്യക്കാർ ഏറെയാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് എൽ.ഇ.ഡി ചിഹ്നങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരെന്ന് കടയുടമ സുൾഫിക്കർ പറയുന്നു. കൊവിഡ് കാലമായതിനാൽ തന്നെ ജനങ്ങളെ ഞൊടിയിടയിൽ ആകർഷിക്കുന്ന വസ്‌തുക്കൾക്കാണ് പ്രിയം കൂടുതൽ. എന്തായാലും ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. ഒപ്പം പ്രചാരണ ഉൽപന്നങ്ങളുടെ വിൽപനയും.