കൊല്ലം: കൊട്ടാരക്കര വെട്ടിക്കവലയിൽ പ്രാദേശിക മാധ്യമ പ്രവർത്തകന് നേരേ ആക്രമണം. സത്യപ്രതിജ്ഞ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനായ കുഞ്ഞുമോൻ കോട്ടവട്ടത്തിനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്നാണ് ആരോപണം. വെട്ടിക്കവല പഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്യാനാണ് കുഞ്ഞുമോൻ കോട്ടവട്ടം എത്തിയത്.
ഹാളിന് പുറത്ത് പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായപ്പോള്‍ ഷൂട്ട് ചെയ്യാനായി ശ്രമിച്ച കുഞ്ഞുമോന്‍റെ കയ്യിൽ നിന്നും പ്രവർത്തകർ ഫോൺ പിടിച്ചുവാങ്ങി. പ്രാദേശിക മാധ്യമ പ്രവർത്തകൻ ആണെന്ന തിരിച്ചറിയൽരേഖ കാണിച്ചിട്ടും പ്രവർത്തകർ കുഞ്ഞുമോനെ മർദ്ദിച്ചു. പരിക്കേറ്റ കുഞ്ഞുമോൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ കുഞ്ഞുമോന്‍റെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.