കൊല്ലം: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-2 ദൗത്യത്തിന് ആശംസകൾ അറിയിച്ചതിനു പകരമായി ഐഎസ്ആർഒ നൽകിയ അംഗീകാരത്തിന്‍റെ ത്രില്ലിലാണ് കൊല്ലം പട്ടത്താനം ഗവൺമെന്‍റ് എസ്എൻഡിപി യുപി സ്കൂൾ. വിദ്യാർഥികളുടെ കൈയൊപ്പുകളും ആശംസകളും ക്യാൻവാസിൽ പകർത്തിയാണ് ഐഎസ്ആർഒയ്ക്ക് അയച്ചുകൊടുത്തത്. ആശംസ കണ്ടയുടൻ ഇസ്രോ ചെയർമാൻ ഡോക്ടർ കെ. ശിവൻ അത് ട്വിറ്ററിൽ പങ്കുവെക്കുകയും ഫോട്ടോ എടുത്ത് കുട്ടികൾക്ക് നന്ദി അറിയിക്കുകയായിരുന്നു.
ഇതാദ്യമായല്ല ഇത്തരം അംഗീകാരങ്ങളും ആശംസകളും സ്കൂളിനെ തേടിയെത്തുന്നത്. 1945 ൽ അധ്യയനം തുടങ്ങിയ ഈ മുത്തശ്ശി പള്ളിക്കൂടം മികവിന്‍റെ കേന്ദ്രമായി സംസ്ഥാന സർക്കാർ നേരത്തെ തന്നെ തിരഞ്ഞെടുത്തതാണ്. പ്രവർത്തനരീതി കൊണ്ടും ഭൗതിക സാഹചര്യങ്ങളാലും ഏറെ വ്യത്യസ്തമാണ് പട്ടത്താനം സ്കൂൾ. പ്രവേശന കവാടത്തിൽ നിന്ന് തുടങ്ങുന്നതാണ് ഇവിടത്തെ കൗതുകക്കാഴ്ചകൾ. അക്കാദമിക നിലവാരത്തിന് ഒപ്പം സാമൂഹികപ്രതിബദ്ധതയും തൊഴിൽ നൈപുണ്യവും സംസ്കാരവും പ്രകൃതി സ്നേഹവും വളർത്തുന്നതിൽ വിദ്യാലയം മാതൃകയാവുകയാണ്.
പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി പാവകൾ നിർമ്മിച്ചും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലൂടെയുള്ള സമൂഹ നന്മയും നമുക്കിവിടെ കാണാം. ചുറുചുറുക്കുള്ള കുട്ടികൾക്ക് പൂർണ പിന്തുണയും പ്രോത്സാഹനവും നൽകി ഹെഡ്മാസ്റ്ററും അധ്യാപകരും രക്ഷിതാക്കളും ഒപ്പം കൂടിയതോടെ പട്ടത്താനം സ്കൂൾ മികവിന്‍റെ കേന്ദ്രമായി മാറി.