കൊല്ലം: ഓൺലൈൻ ക്ലാസുകളിൽ നിന്നും അറിവിന്‍റെ നടുമുറ്റത്തേക്ക് വിദ്യാർഥികൾ കാലു കുത്തിയതോടെ കൊല്ലം ജില്ലയിലെ വിദ്യാലയങ്ങൾ ഉണർന്നു. മാർച്ച് 17ന് പൊതു പരീക്ഷ ആരംഭിക്കുന്ന എസ്.എസ് എൽ സി, പ്ലസ് ടു വിദ്യാർഥികൾക്ക് പാഠഭാഗങ്ങളിലെ റിവിഷനും, സംശയ നിവാരണത്തിനും , പ്രാക്ടിക്കൽ ക്ലാസുകൾക്കുമായാണ് വിദ്യാലയങ്ങൾ തുറന്നത്.
മാസങ്ങൾക്ക് ശേഷം സഹപാഠികളെ കണ്ടതിന്‍റെ സന്തോഷം ഒരോ വിദ്യാർഥികളുടെയും മുഖത്ത് കാണാമായിരുന്നു. ഓൺലൈൻ ക്ലാസിൽ നിന്നും വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിലുള്ള പഠനമാണ് വേണ്ടതെന്നാണ് കുട്ടികളുടെ അഭിപ്രായം. പരമാവധി മൂന്ന് മണിക്കൂർ അധ്യയനത്തിൽ 50 ശതമാനത്തിൽ കവിയാതെ രണ്ട് ബാച്ചുകളായി ക്ലാസുകൾ നടത്താനാണ് നിർദേശം. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനാൽ ഒരു ബഞ്ചിൽ ഒരു കുട്ടിക്കായിരിക്കും ഇരിപ്പിടം. സ്ക്കൂളിലെത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും തെർമോ മീറ്റർ പരിശോധനയും, സാനിറ്റെസറും നടത്തിയ ശേഷമാണ് ക്ലാസുകളിലേക്ക് കടത്തിവിടുന്നത്.
കൂടാതെ സ്ക്കൂൾ കാമ്പസിന്‍റെ വിവിധ ഭാഗങ്ങളിലായി സോപ്പും, വെള്ളവും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് മൈക്കിലൂടെ നിർദേശങ്ങളും നൽകുന്നുണ്ട്. പി.ടി.എയുടെ നേത്യത്വത്തിലും കുട്ടികൾക്ക് വേണ്ട അറിയിപ്പുകൾ നൽകുന്നുണ്ട്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും പഠനോപകരണങ്ങൾ പങ്ക് വെക്കുന്നതും ഒഴിവാക്കാൻ വേണ്ട നിർദേശങ്ങൾ അധികൃതർ വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. കൊവിഡ് പോസീറ്റീവായ രോഗികളുടെ വീടുകളിൽ നിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ വിദ്യാലയങ്ങളിൽ വരാൻ പാടില്ലെന്ന് അരോഗ്യ വിഭാഗം അറിയിപ്പ് നൽകിട്ടുണ്ട്.