കൊല്ലം : അതിദരിദ്ര-പിന്നാക്ക-ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ആശ്രമം മൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പതാക ഉയര്‍ത്തി, അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പുരോഗമന സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമാണ് ഇന്ന് കാണാനാകുന്ന പുരോഗതിയുടെ അടിസ്ഥാനം. ജനാധിപത്യം പ്രകാശമാനമായി നിലനിർത്തുകയാണ് പരമപ്രധാനം. സമത്വം നിലനിര്‍ത്തുന്നതിന് ബദ്ധശ്രദ്ധമായിരുന്നു കേരളത്തിലെ സര്‍ക്കാരുകള്‍. അസന്തുഷ്‌ടരായ ജനവിഭാഗവുമായി മുന്നോട്ട് പോകാനാകില്ല എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മതേതരത്വവും ബഹുസ്വരതയും അംഗീകരിച്ചുകൊണ്ടുള്ള ഭരണ നിര്‍വഹണമാണ് നടത്തിയിട്ടുള്ളത്.
രാജ്യത്തെ പല വര്‍ത്തമാന സംഭവങ്ങളും ആശങ്കയ്ക്ക് ഇടനല്‍കുന്നു. ജനങ്ങളെ വേര്‍തിരിക്കാത്ത ഭരണകൂടങ്ങളാണ് സുസ്ഥിരഭരണത്തിന് വേണ്ടത് എന്നോര്‍ക്കണം. എല്ലാവരേയും ഉള്‍ക്കൊണ്ട് ഭരിക്കാനാകണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വര്‍ണാഭമായ ആഘോഷച്ചടങ്ങുകളുടെ ഭാഗമായി പൊലിസ്, എക്‌സൈസ്, വനംവകുപ്പ്, സ്റ്റുഡന്‍റ്സ് പൊലീസ്, സിവില്‍ ഡിഫന്‍സ്, സ്‌കൗട്ട്‌സ്, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥി-ബാന്‍ഡ്ട്രൂപ്പുകള്‍ തുടങ്ങിയവ പരേഡില്‍ പങ്കെടുത്തു. ജില്ല കലക്‌ടര്‍ അഫ്‌സാന പര്‍വീണ്‍, സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ് പി എം എല്‍ സുനില്‍ എന്നിവര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.
എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി കെ ഗോപന്‍, സബ് കലക്‌ടര്‍ മുകുന്ദ് ഠാക്കൂര്‍, എഡിഎം ബീനാറാണി, എസിപി പ്രതീപ് കുമാര്‍, ഡെപ്യൂട്ടി കലക്‌ടര്‍മാരായ ജി നിര്‍മല്‍ കുമാര്‍, എഫ് റോയ്‌കുമാര്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, മന്ത്രി അഹമ്മദ് ദേവർ കോവിൽ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.
ആലപ്പുഴയിൽ മന്ത്രി പി പ്രസാദ് പതാക ഉയർത്തി : 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. ഇന്ന് രാവിലെ ഒൻപത് മണിക്ക് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും ചെയ്‌തു.
ജില്ല ആംഡ് റിസര്‍വ് പൊലീസ്, ലോക്കല്‍ പൊലീസ്, വനിത പൊലീസ്, എക്‌സൈസ് വിഭാഗം, എസ്‌പിസി, എന്‍സിസി, സ്‌കൗട്ട്, റെഡ് ക്രോസ്, ബുള്‍ബുള്‍, കബ്‌സ് തുടങ്ങിയ ഇനങ്ങളില്‍ 15 പ്ലാട്ടൂനുകളും മൂന്ന് ബാന്‍റ് സംഘം ഉള്‍പ്പെടെ 18 പ്ലാട്ടൂനുകള്‍ അണിനിരന്നു. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‌സ്‌പെ്ക്‌ടര്‍ എം അജയ് മോഹനാണ് പരേഡ് കമാൻഡര്‍.
മികച്ച പ്ലാട്ടൂനും ബാന്‍റിനുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ നല്‍കി. ചടങ്ങില്‍ ജനപ്രതിനിധികള്‍, ജില്ല കലക്‌ടര്‍ ഹരിത വി കുമാര്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, അഡീഷണല്‍ എസ്‌പി സുരേഷ് കുമാര്‍ എസ്‌ടി, ഡപ്യൂട്ടി കമാണ്ടന്‍റ് വി സുരേഷ് ബാബു, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു