കൊല്ലം: പ്രാക്കുളം സാമ്പ്രാണിക്കൊടിയിൽ വള്ളം മറിഞ്ഞ് വീട്ടമ്മ അഷ്‌ടമുടി കായലിൽ മുങ്ങി മരിച്ചു. സാമ്പ്രാണിക്കൊടി സ്വദേശിനി ഗ്രേസ് (55) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ജയരാജിനെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് അഷ്‌ടമുടിക്കായലിൽ വള്ളം മറിഞ്ഞത്.
ജയരാജിനെ സാമ്പ്രാണി കൊടി ഐലൻഡ് ബോട്ട് ക്ലബിലെ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. സാമ്പ്രാണിക്കൊടി തുരുത്തിൽ അടുത്തകാലത്തായി വിദേശികളും സ്വദേശികളുമായ നിരവധി സന്ദർശകർ എത്താറുണ്ട്. ഈ തുരുത്തിൽ ആളുകൾക്ക് ഇറങ്ങി നിൽക്കാനാകും. ഇവിടുത്തെ കാഴ്ചയും അതിമനോഹരമാണ്.
ഇവിടെ എത്തുന്നവർക്ക് കുപ്പിവെള്ളവും മധുര പലഹാരങ്ങളും മറ്റും വിൽപന നടത്തി വരികയായിരുന്നു ഗ്രേസും മകനും. ഭർത്താവുമൊത്തായിരുന്നു ഗ്രേസ് കച്ചവടം നടത്തി വന്നിരുന്നത്. എന്നാൽ ഭർത്താവിന് സുഖമില്ലാത്തതിനാൽ അടുത്തിടെ ഗൾഫിൽ നിന്നും വന്ന മകൻ ജയരാജുമൊത്താണ് ഇപ്പോൾ കച്ചവടം നടത്തിയിരുന്നത്.
വെള്ളിയാഴ്‌ച കച്ചവടം കഴിഞ്ഞ് തിരികെ സാമ്പ്രാണിക്കൊടിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് ശക്തമായി പെയ്‌ത മഴയിലും കാറ്റിലും വള്ളം മറിഞ്ഞത്. ഉടൻ തന്നെ ബോട്ട് ക്ലബിലെ വള്ളക്കാർ മകനെ രക്ഷപ്പെടുത്തിയെങ്കിലും ഗ്രേസ് കായലിലേക്ക് താഴ്ന്ന് പോയി.
കൊല്ലത്ത് നിന്നും ഫയർഫോഴ്‌സും മറ്റ് വള്ളക്കാരുമെത്തി നടത്തിയ തിരച്ചിലിൽ ഗ്രേസിനെ കിട്ടിയെങ്കിലും ജില്ല ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.