കൊല്ലം: ഹരിതകേരള മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി നടപ്പിലാക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' ജനകീയ ക്യാമ്പയിന് തുടക്കം. ജില്ലാതല ഉദ്ഘാടനം നെടുമ്പനയിലെ പഴങ്ങാലം ഏലാ തോടിന്‍റെ ശുചീകരണത്തിലൂടെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ജനപങ്കാളിത്തമാണ് ജലസ്രോതസുകളുടെ പുനരുജീവിപ്പിക്കലിന് പ്രധാനമെന്ന് മന്ത്രി പറഞ്ഞു.
ജലസുരക്ഷയിലൂടെ മാത്രമേ ശുദ്ധമായ വായുവും ഭൂമിയും ഉറപ്പാക്കാനാകൂ. രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മകള്‍ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി മുന്‍കൈയെടുക്കേണ്ടത്. ആറ് ദിവസത്തിനകം 73 പഞ്ചായത്തുകളിലെയും നീരുറവകള്‍ ശുദ്ധീകരിക്കണം. ഹരിതകേരള മിഷന്‍ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജലസുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും പങ്കുചേരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പഴങ്ങാലം ഒന്നാം വാര്‍ഡ് മുതല്‍ പന്ത്രണ്ടാം വാര്‍ഡ് വരെ 11 കിലോമീറ്റര്‍ നീളുന്ന ഏലാ തോടിന്‍റെ ശുദ്ധീകരണത്തോടൊപ്പം പഞ്ചായത്തിലെ മറ്റു ജലസ്രോതസുകളും വീണ്ടെടുക്കും. മാലിന്യം നീക്കം ചെയ്‌ത് സുഗമമായ ഒഴുക്ക് സാധ്യമാക്കിയാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. ഓരോ പഞ്ചായത്തിലെയും കുറഞ്ഞത് ഒരു പ്രധാന നീരുറവയെങ്കിലും ശുചീകരിച്ച് പുനരുജീവിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഹരിതകേരള മിഷന്‍ നടപ്പിലാക്കുന്നത്.