കൊല്ലം: ഹരിത കേരളം മിഷൻ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു. ജില്ല ആശുപത്രിക്ക് സമീപമാണ് പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ്റെ നേത്യത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പച്ച തുരുത്തുകൾ നിർമിക്കുന്നത്.
സോഷ്യൽ ഫോറസ്റ്ററി വഴി വ്യാപകമായി വൃക്ഷതൈകൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇവ സുസ്ഥിരമായി നിലനിൽക്കാത്തതിനാലാണ് ഹരിത കേരള മിഷൻ പച്ച തുരുത്ത് പദ്ധതിയുമായി മുന്നോട്ട് വന്നത്.
2019ലാണ് ഹരിത കേരള മിഷൻ പച്ച തുരുത്ത് പദ്ധതിക്ക് തുടക്കമിടുന്നത്. കൊല്ലം ജില്ലയിൽ ഇതുവരെ 138 പച്ച തുരുത്തുകളാണ് നിലവിലുള്ളത്. ഈ വർഷം 100 പച്ച തുരുത്തുരുത്തുകള്‍ കൂടി ആരംഭിക്കുമെന്ന് ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ എസ്. ഐസക്ക് പറഞ്ഞു. കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ വർഷം 17 പച്ച തുരുത്തുകൾ നിർമ്മിച്ചു. ഈ വർഷം കോർപ്പറേഷൻ്റെ 54 ഡിവിഷനിലും പച്ച തുരുത്തുകൾ ആരംഭിക്കും.
വരുന്ന അഞ്ച് വർഷം കൊണ്ട് 1000 പച്ച തുരുത്തുകൾ ജില്ലയിൽ നിർമിക്കാനാണ് ഹരിത കേരള മിഷൻ ലക്ഷ്യമിടുന്നത്. കൊല്ലം കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, സാമൂഹ്യ വനവൽകരണം എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെ ഡാനിയേൽ എന്നിവരും പച്ച തുരുത്തിൽ വൃക്ഷതൈകൾ നട്ടു.