കൊല്ലം: ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്ത് ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ റോളിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നരേന്ദ്ര മോദിയും അമിത്ഷായും ഭരണഘടനാ തത്വങ്ങളുടെ മനസ് തകർക്കുകയാണ്. ഇന്ത്യയുടെ ആത്മാവിനെ മറന്നുള്ള ഈ കളിയിലൂടെ വിഭാഗീയതയും വർഗീയതയും വളർത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര ഓച്ചിറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി വേണുഗോപാല്‍. 'ഭാരത് ബചാവോ, നാം ഒന്നാണ്' എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച പദയാത്ര ജില്ലയില്‍ 25 ദിവസം പര്യടനം നടത്തും. ഫെബ്രുവരി ഇരുപതിന് ചിന്നക്കടയിൽ സംഘടിപ്പിക്കുന്ന റാലിയോടെ പദയാത്ര സമാപിക്കും.