കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ (Kollam Kidnapping Case) കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി (Three Arrest In Kollam 6 Year Old Girl Kidnapping Case). പത്മകുമാര്‍, ഇയാളുടെ ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ (ഡിസംബര്‍ 1) കേരള തമിഴ്‌നാട് അതിര്‍ത്തിയായ തെങ്കാശി പുളിയറകോണത്ത് നിന്നാണ് അന്വേഷണസംഘം മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും അടൂർ എആർ ക്യാമ്പിൽ നിന്നും പൂയപള്ളിയിൽ എത്തിക്കും. അവിടെ നിന്നും മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. മൂന്ന് പ്രതികളെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. തുടര്‍ന്നായിരിക്കും ഇവരുമായി തെളിവെടുപ്പ് നടത്തുക.
കൊല്ലം ആശ്രാമം മൈതാനത്തേക്ക് കുട്ടിയെ ഓട്ടോയില്‍ എത്തിച്ചത് പത്മകുമാറിൻ്റെ ഭാര്യ അനിത കുമാരിയാണ്. ഇരുവരും കൊല്ലം നഗരത്തിലേക്ക് നീല നിറത്തിലുള്ള കാറിലായിരുന്നു എത്തിയത്. ലിങ്ക് റോഡില്‍ ഇവരെ ഇറക്കിവിട്ട ശേഷം പത്മകുമാർ വാഹനവുമായി ആശ്രാമം മൈതാനത്തിന് സമീപത്തായുള്ള ഒരു ജ്യൂസ് കടയ്‌ക്ക് അരികില്‍ കാത്തുനിന്നു.
അനിത കുമാരി ലിങ്ക് റോഡില്‍ നിന്നാണ് ആശ്രാമത്തേക്ക് കുട്ടിയുമായി ഓട്ടോയില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയെ അവിടെ ഇരുത്തിയ ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നും മറ്റൊരു ഓട്ടോയില്‍ കയറിയാണ് ഇവര്‍ പത്മകുമാറിന് അരികിലേക്ക് എത്തിയത്.
തുടര്‍ന്ന് ബിഷപ്പ് ജെറോം നഗറില്‍ എത്തിയ ഇരുവരും ഒരു ബേക്കറിയില്‍ കയറുകയും അവിടെ ടിവിയിലെ വാര്‍ത്ത കണ്ടിരിക്കുകയും ചെയ്‌തിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് നിന്നും കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നലെയാണ് ഇവര്‍ അവിടെ നിന്നും മടങ്ങിയത്.
പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെയാണ് കുട്ടിയെ സുരക്ഷിതമായി എത്തിക്കാന്‍ തീരുമാനിച്ചതെന്നും ഇതോടെയാണ് തിരക്കേറിയ ആശ്രാമം മൈതാനത്ത് തന്നെ കുട്ടിയെ എത്തിച്ചതെന്നുമാണ് ഇവര്‍ അന്വേഷണ സംഘത്തിന് നല്‍കിയരിക്കുന്ന മൊഴി. സംഭവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമില്ലെന്നും പദ്‌മകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
കുട്ടിയെ തട്ടിയെടുത്തത് വിലപേശി പണം കൈക്കലാക്കാന്‍ വേണ്ടിയാണെന്നും പദ്‌മകുമാര്‍ പറഞ്ഞു. എന്നാല്‍, പദ്‌മകുമാറിന്‍റെ മൊഴികളിൽ മിക്കതും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന. കേസ് അന്വേഷണം വഴിതെറ്റിക്കാന്‍ പദ്‌മകുമാര്‍ ശ്രമിക്കുന്നതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.