കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ കെബി ഗണേഷ് കുമാറിന് ജാമ്യം (solar conspiracy case). കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് (Kottarakkara Judicial First Class Magistrate) ഒന്നാം കോടതിയിൽ നേരിട്ട് ഹാജരായാണ് ഗണേഷ് കുമാർ (Bail for Ganesh Kumar) ജാമ്യമെടുത്തത്. ഈ മാസം ആറിന് കേസ് പരിഗണിക്കാനിരുന്ന കോടതി ഗണേഷിന്‍റെ അപേക്ഷ കണക്കിലെടുത്ത് ഇന്ന് പരിഗണിക്കുകയായിരുന്നു.
കീഴ് കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെബി ഗണേഷ് കുമാർ നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു (Ganesh Kumar in solar case). എന്നാൽ കീഴ് കോടതിയുടെ നടപടികളിൽ ഇടപെടാനാകില്ല എന്നറിയിച്ച് ഹൈക്കോടതി ഹർജി തള്ളി. ഈ സാഹചര്യത്തിലാണ് കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായി ഗണേഷ് കുമാർ ജാമ്യമെടുത്തത്.
ഗണേഷ് നേരിട്ട് എത്താത്തതിൽ കോടതി വിമർശനമുയർത്തുകയും 6 ന് നേരിട്ട് ഹാജരാക്കണം എന്ന കർശനനിർദ്ദേശവും നൽകിയിരുന്നു. സോളാർ പീഡനക്കേസിലെ പരാതിക്കാരിയോടും അന്നേ ദിവസം തന്നെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ഗണേഷ് കുമാറിന്‍റെ ഹര്‍ജി തള്ളി: ഗണേഷിനെതിരെയുള്ളത് ഗുരുതര ആരോപണങ്ങളെന്ന് കോടതി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണമെന്നും കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. പരാതിക്കാരിയുമായി ചേർന്ന് ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണം. ഗണേഷ് നിരപരാധി എങ്കിൽ അതും തെളിയിക്കപ്പെടണമെന്നും ഗണേഷിന്‍റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗണേഷ് കുമാറിന്‍റെ ഹർജി.
നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ഗണേഷിന്‍റെ ആവശ്യവും ഹൈക്കോടതി തള്ളി. അതേസമയം, കേസിന്‍റെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ വിടുതൽ ഹർജിയുമായി ഗണേഷിന് കോടതിയെ സമീപിക്കാമെന്നും ആരോപണങ്ങൾ തെറ്റെന്ന് കണ്ടെത്തിയാൽ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ALSO READ: സോളാർ കേസ്; ഗണേഷ് കുമാറിന് തിരിച്ചടി, തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കെ സി വേണുഗോപാലിന് നോട്ടിസ്: സോളാർ പീഡനക്കേസിൽ പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. വിഷയത്തിൽ കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടിസ് അയച്ചു. കേസിൽ സിബിഐ, സംസ്ഥാന സർക്കാർ എന്നിവർക്കും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
ALSO READ: സോളാർ പീഡനക്കേസ്: പരാതിക്കാരിയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, കെ സി വേണുഗോപാലിന് നോട്ടിസ്