കൊല്ലം: കോർപ്പറേഷൻ ഓഫിസിലെ മേയറുടെ മുറിയിൽ അഗ്‌നി ബാധ. ഇന്നു രാവിലെയാണ് അഗ്‌നി ബാധ ഉണ്ടായത്. ഫയലുകളും, ഫർണിച്ചറുകളും, ടിവിയും ഉൾപ്പടെ കത്തി നശിച്ചു. ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്.
ഷോട്ട് സർക്ക്യൂട്ടാണ് അഗ്‌നി ബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതൊക്കെ ഫയലുകളാണ് കത്തിനശിച്ചത് എന്ന കാര്യം വ്യക്തമായിട്ടില്ല. ഇടതുമുന്നണി ഭരിക്കുന്ന കോർപ്പറേഷനില്‍ പല പദ്ധതികളെ കുറിച്ചും നേരത്തെ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
ഇത്തരം പദ്ധതികളുടെ ഫയലുകൾ നഷ്‌ടമായിട്ടുണ്ടോ എന്ന് കൂടുതൽ പരിശോധനയിലൂടെ മാത്രമെ വ്യക്തമാകൂ. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി തീപിടിത്തതിന് പിന്നിലുണ്ടോ എന്നതും അന്വേഷിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. സുപ്രാധാന ഫയലുകൾ സാധാരന സൂക്ഷിക്കുന്നത് ഇപ്പോൾ തീപിടിത്തം ഉണ്ടായ മേയറുടെ ഓഫിസ് മുറിയോട് ചേർന്നുള്ള മുറിയിലാണ്.
എന്നാല്‍ ഈ മുറിക്ക് തീപിടിത്തം ഉണ്ടായിട്ടില്ല. എ സി പി അഭിലാഷ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും എന്ന് അധികൃതർ അറിയിച്ചു. ഇലക്‌ടിക്കൽ വിഭാഗവും ഇൻസ്‌പക്‌ടറേറ്റും ഫോറൻസിക് സംഘവും പരിശോധന നടത്തും.