കൊല്ലം: ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പെൺകുട്ടികളെ വശീകരിച്ച് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇരവിപുരം പൊലീസാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരില്‍ എൻട്രൻസ് കോച്ചിങ് പഠിക്കുന്ന ഇരവിപുരം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കുളത്തൂപ്പുഴ കളക്കാട് ഹൗസിൽ സജിൻ സാബു (20) സാംനഗർ ഷാന്‍ മന്‍സിലില്‍ മുഹമ്മദ് (18) എന്നിവരാണ് പിടിയിലായത്.
ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പരിചയപ്പെട്ട ഇരവിപുരം സ്വദേശിയായ പെൺകുട്ടിയോട് സ്വർണ ലോക്കറ്റ് വാങ്ങി വെച്ചിട്ടുണ്ട് എന്നും അതു നല്‍കുന്നതിനായി വീട്ടിലേക്ക് എത്താമെന്നും പ്രതിയായ സിജിൻ അറിയിച്ചു. തുടർന്ന് പെൺകുട്ടി വീടിന്‍റെ ലൊക്കേഷൻ പ്രതികൾക്ക് അയച്ചു കൊടുത്തു. ഇതിൽ നിന്നും സ്ഥലം മനസ്സിലാക്കിയ പ്രതികൾ കഴിഞ്ഞമാസം 24ന് പുലർച്ചെ രണ്ടുമണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തുകയും ലോക്കറ്റ് തരാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ കയ്യിൽ നിന്നും സ്വർണമാല കൈക്കലാക്കുകയും ചെയ്തു. മാല കൈവശപ്പെടുത്തിയ പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇരവിപുരം പൊലീസില്‍ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവില്‍ പോയ പ്രതികളെ സൈബർസെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. പിടിയിലാകുമ്പോൾ പ്രതികളുടെ കൈവശമുണ്ടായിരുന്ന ഫോണിലെ ഒരു സിം കാര്‍ഡ് സ്ത്രീയുടെ പേരില്‍ ഉള്ളതായിരുന്നു. നിരവധി പെൺകുട്ടികൾ ഇവരുടെ തട്ടിപ്പിന് വിധേയമായിട്ടുണ്ട് എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2019 പ്രതികൾ സമാനമായ രീതിയിൽ അടൂർ ഭാഗത്തുനിന്നും മൊബൈൽഫോൺ തട്ടിക്കൊണ്ടുപോയതായി പൊലീസ് കണ്ടെത്തി.
ഇവർ തട്ടിയെടുത്ത മാല കുളത്തൂപ്പുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി പ്രദീപിന്‍റെ നേതൃത്വത്തില്‍ ഇരവിപുരം എസ്.എച്ച് വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ്, ഗ്രേഡ് എസ്.ഐ സുനിൽ, എ.എസ്.ഐ ഷിബു പീറ്റർ, സി.പി.ഒ വി വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.