കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ പിടിയിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പിടിയിലായ എട്ട് പ്രതികളിൽ മൂന്നു പേരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വ്യാജ രേഖകൾ ഉണ്ടാക്കി സർവീസ് നടത്തി വന്നിരുന്ന ആംബുലൻസുകളും പൊലീസ് പിടിച്ചെടുത്തു.
അക്രമ സംഭവത്തിൽ ഉൾപ്പെട്ട നിരവധി പേരാണ് ഒളിവിൽ പോയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സിദ്ദിഖിന്‍റെ വ്യാജ ആംബുലൻസുകൾ അക്രമത്തിന് ശേഷം പൊലീസ് പിടിച്ചെടുത്തു. നിലവിൽ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മുഹമ്മദ് സിദ്ദിഖ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ പഴയ ഉണ്ണി വാനുകൾ എത്തിക്കുകയും ഇവ ആംബുലൻസ് ആയി രൂപമാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഒന്നിച്ചു പ്രവർത്തിച്ചിരുന്ന സംഘത്തിൽ ഒരാൾ ഒറ്റുകൊടുത്തു എന്ന സംശയത്തിലാണ് ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ സംഘം ചേർന്ന് യുവാക്കളെ കുത്തിയത്. ബുധനാഴ്ച രാത്രി സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് പ്രതികൾ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന രാഹുൽ എന്നയാൾ വെള്ളിയാഴ്‌ച മരിച്ചിരുന്നു. പരിക്കേറ്റ വിഷ്‌ണു,വിനീത് എന്നിവരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും കൊട്ടാരക്കരയിലെ എല്ലാ ആംബുലൻസുകളുടെയും രേഖകൾ പരിശോധിക്കാനാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകിയതായും റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു.
Also Read: ഡൽഹിയിൽ ആറ് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ