കൊല്ലം: കൊട്ടാരക്കരയില്‍ സ്ഥാനാർഥിക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ദളിത് യുവാവിനെ ആക്രമിച്ചതായി പരാതി. കൊട്ടാരക്കര തേവലപ്പുറം സ്വദേശി വിജയരാജനാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്ക് എതിരെ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദളിത് പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നെടുവത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വിജയരാജൻ പ്രവർത്തിച്ചു എന്നാരോപിച്ചാണ് മർദ്ദനമുണ്ടായതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞവർഷം അയൽവാസികളായ ദളിത് വിദ്യാർഥികളെ ആക്രമിസംഘം വീട് കയറി മർദിച്ചിരുന്നു. വിദ്യാർഥികൾക്ക് അനുകൂലമായി താൻ സംസാരിച്ചത്തിലുള്ള വിരോധവുമാകാം മർദ്ദന കാരണമെന്ന് വിജയരാജൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. നാട്ടുകാർ എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു.