കൊല്ലം: കെ.ബി ഗണേഷ് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ. എംഎൽഎയുടെ പ്രവർത്തനം മുന്നണിയുടെ മുഖഛായ തന്നെ നശിപ്പിക്കുന്നുവെന്ന് സി.പി.ഐ നേതാക്കൾ ആരോപിച്ചു. പത്തനാപുരം മണ്ഡലത്തിലെ സാമ്പത്തിക ക്രമം തന്നെ അട്ടിമറിക്കപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് കോടികൾ മുടക്കി ഷോപ്പിങ് കോംപ്ലക്‌സുകൾ നിര്‍മിച്ചിരുന്നു. പത്തനാപുരത്തിൻ്റെ വാണിജ്യ മേഖല ഇവിടേക്ക് മാറ്റുകയും ഗതാഗത കുരുക്ക് ഒഴിവാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ ഷോപ്പിങ് കോംപ്ലക്‌സ് യാഥാർഥ്യമായപ്പോൽ പദ്ധതി ഒന്നാകെ വൻകിട മുതലാളിമാർ കൈയടക്കി. ചെറുകിടക്കാർക്ക് ഒരു കട പോലും ലഭിച്ചില്ലെന്നതാണ് സി.പി.ഐ നേതൃത്വത്തെ ചൊടിപ്പിച്ചത്. പത്തനാപുരത്ത് പട്ടയ വിതരണം വരെ തടസപ്പെട്ടിട്ടുണ്ടെന്ന് മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ ആരോപിച്ചു. ആരോപണങ്ങൾ കടുപ്പിച്ച് ഗണേഷിനെതിരെ തുറന്ന യുദ്ധത്തിനാണ് സി.പി.ഐ തയാറാകുന്നത്.
വിവിധ വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം പത്തനാപുരത്ത് സമര സായാഹ്നം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ മുഴുവൻ ഗണേഷ് കുമാറിന് എതിരെയായിരുന്നു. കൊട്ടാരക്കര മേഖലയിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചില സി.പി.ഐ സ്ഥാനാർഥികളെ ഗണേഷ് ഇടപെട്ട് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടിക്കുള്ളിൽ പരാതികൾ ഉണ്ട്.