കൊല്ലം: ജില്ലയിൽ കൊവിഡ് വാക്സിനേഷൻ നടന്നു. ജില്ലാ വിക്ടോറിയ ആശുപത്രിയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്തു.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടന്നത്. ആദ്യ ഘട്ടത്തിൽ അരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കിയിരുന്നു.കൊവിഡ് മാനദണ്ഡങ്ങളും അകലവും കൃത്യമായി പാലിച്ചായിരുന്നു വാക്സിൻ്റെ വിതരണം. ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ പൊലീസ് നിരീക്ഷണം നടത്തി. വാക്സിൻ നൽകുന്ന സ്ഥലവും നിരീക്ഷണമുറികളും അണുമുക്തമാണെന്നതിനാൽ നിയുക്തരായവരല്ലാത്ത ഒരാൾക്കും ഇവിടങ്ങളിൽ പ്രവേശനം അനുവദിച്ചില്ല.
തിരുവനന്തപുരം റീജിയണൽ വാക്സിൽ സ്റ്റോറിൽ നിന്നും 25960 ഡോസ് കൊവിഡ് വാക്സിനാണ് കൊല്ലം സ്ക്കൂൾ ഓഫ് നഴ്സിങ്ങിൽ എത്തിച്ചത്. രണ്ടാം ഘട്ടത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻനിരയിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്കും മൂന്നാം ഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. ഒരു ദിവസം 100 പേർക്കാണ് കുത്തിവെപ്പ് നൽകുന്നത്. ആദ്യ ഡോസ് എടുത്തവർ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവിശ്യം വാക്സിൻ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസത്തിനുള്ളിലാണ് രണ്ടാമത്തെ വാക്സിൻ എടുക്കേണ്ടത്.
വിക്ടോറിയ ആശുപത്രിയിൽ വാക്സിനേഷൻ വിതരണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എം.പി., എംഎൽഎ എം.നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെ ഡാനിയേൽ, ജില്ലാ കലക്ടർ അബ്ദുൾ നാസർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.