കൊല്ലം: സർക്കാർ നിർദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ നിയമിതരായ സെക്‌ടർ മജിസ്ട്രേറ്റുമാർ ജില്ലയിൽ ഇതുവരെ 5710 കേസുകൾ രജിസ്റ്റർ ചെയ്‌തു. 1192 കേസുകളാണ് ഇന്നലെ മാത്രം രജിസ്റ്റർ ചെയ്‌തത്. മാസ്‌ക് ധരിക്കാത്തതിന് 2098 പേർക്കെതിരെയും ക്രമവിരുദ്ധമായി പ്രവർത്തിച്ച 211 കടകൾക്കെതിരെയും സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്ത 2154 കടകൾക്കെതിരെയും കേസെടുത്തു. നിയമവിരുദ്ധമായി കൂട്ടംകൂടിയവർക്കെതിരെ 220 കേസുകളാണ് രജിസ്റ്റർചെയ്‌തത്.
ജീവനക്കാർക്ക് മാസ്‌ക്, സാനിറ്റൈസർ എന്നിവ നൽകാത്തതിന് 386 സ്ഥാപനങ്ങൾക്കെതിരെയും കേസുണ്ട്. റോഡിൽ തുപ്പിയ 136 പേർക്കെതിരെയും ക്വാറന്‍റൈൻ ചട്ടങ്ങൾ ലംഘിച്ച 46 പേർക്കെതിരെയും കേസെടുത്തു. കണ്ടെയിൻമെന്‍റ് സോണുകളിൽ നിയമവിരുദ്ധമായി കടകൾ തുറന്നതിന് 22 പേർക്കെതിരെയാണ് നടപടിയെടുത്തത്. നിയമം ലംഘിച്ച് പുറത്തിറങ്ങിയ 859 പേരെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു. 216 പേരിൽനിന്ന് പിഴയും ഈടാക്കി.