കൊല്ലം: ജില്ലയിൽ 82 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും മൂന്ന് പേർ വിദേശത്ത് നിന്നും വന്നവരാണ്. 77 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 54 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 868 ആയി. നഗരത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്. പന്മന, പേരയം, തൃക്കരുവ എന്നിവിടങ്ങളിലും നിരവധി പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് മുന്‍ കരുതലുകളുടെ ഭാഗമായി നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു. ജില്ലാ ഉന്നതതല യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, പൊലീസ് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അടഞ്ഞുകിടക്കുന്ന ശക്തികുളങ്ങര ഹാര്‍ബര്‍ അണു മുക്തമാക്കിയ ശേഷം രണ്ടു ദിവസത്തിനകം തുറക്കും. ഹാര്‍ബറുകളില്‍ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് നടപടി. ഹാര്‍ബറുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്നും ആവശ്യമായ അധികം ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.