കൊല്ലം: കൊല്ലത്ത് റൂട്ട് മാപ്പ് പുറത്തിറക്കാൻ തീരുമാനിച്ചതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. വർക്കലയിലെ റിസോർട്ടിൽ രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലം ജില്ലയിലും യാത്ര ചെയ്‌തിട്ടുണ്ട്. യാത്രാവിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റൂട്ട് മാപ്പാകും പുറത്തിറക്കുക. സ്രവ പരിശോധനയുടെ സാമ്പിളുകൾ എടുക്കുന്നതിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലുള്ള തിരക്ക് ഒഴിവാക്കാൻ ജില്ലയിലെ മൂന്ന് താലൂക്ക് ആശുപത്രികൾ കൂടി സജ്ജമാക്കാനും തീരുമാനമായി.
കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളിലാവും സ്രവ പരിശോധന സാമ്പിളുകൾ എടുക്കുന്നതിനായി സജ്ജമാക്കുക. കൊവിഡ് രോഗ പ്രതിരോധത്തിനായി കൊല്ലം ജില്ലയിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിലയിരുത്തുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനുമായി കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ എംപിമാർ, എംഎൽഎമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരും സെക്രട്ടറിമാരും സൂം വീഡിയോ കോൺഫറൻസിലൂടെ യോഗത്തിന്‍റെ ഭാഗമായി. നിലവിൽ കൊല്ലം ജില്ലയിൽ 13 പേർ ആശുപത്രിയിലും 394 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.