കൊല്ലം: കൊവിഡ് 19 ബാധ കശുവണ്ടി മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള വിപണിയിൽ കശുവണ്ടി വില ഇടിഞ്ഞതും കയറ്റുമതി കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായത്. സംസ്ഥാനത്തെ കശുവണ്ടി കയറ്റുമതിയിൽ 80 ശതമാനവും ചൈന, ഇറാൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്കാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കശുവണ്ടി വാങ്ങാൻ ഈ രാജ്യങ്ങൾ തയ്യാറാകാത്തത് വലിയ തിരിച്ചടിയായത്.
ടെൻഡർ നടപടികളിൽ നിന്ന് ലുലു ഗ്രൂപ്പ് അടക്കമുള്ള മുൻനിര കമ്പനികൾ വിട്ടുനിൽക്കുകയാണ്. 50 ലക്ഷം വരെ നഷ്ടം സഹിച്ചാണ് നിലവിൽ സംസ്ഥാനത്ത് കശുവണ്ടി കയറ്റുമതി നടക്കുന്നതെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. അതേസമയം തോട്ടണ്ടി ഇറക്കുമതിയിലെ ഇടിവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. നിലവിൽ ഒരു മാസത്തേക്ക് മാത്രമാണ് തോട്ടണ്ടി സ്റ്റോക്കുള്ളത്.
വിൽപ്പന കുറഞ്ഞതോടെ പല ഫാക്ടറികളും അടഞ്ഞു കിടക്കുകയാണ്. വിനോദ സഞ്ചാര മേഖലയിലും കൊറോണ വൈറസ് ബാധിച്ചതോടെ ആഭ്യന്തര വിപണിയും നഷ്ടത്തിലാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ പുതിയ പുനരുദ്ധാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് കൊവിഡ് 19 ഭീതി പുതിയ പ്രതിസന്ധി സൃഷ്ടിച്ചത്. എങ്കിലും ആഭ്യന്തര വിപണി സജീവമാക്കി ഇത് മറികടക്കാനാണ് കശുവണ്ടി വികസന കോർപ്പറേഷന്‍റെയും കാപ്പെക്സിന്‍റെയും തീരുമാനം.