കൊല്ലം: എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ സീനിയോറിറ്റി മറികടന്ന് നിയമനം നടത്തുകയും, രേഖകൾ നശിപ്പിക്കുകയും ചെയ്തുവെന്ന ആരോപണവുമായിഉദ്യോഗാർത്ഥി. കൊല്ലം വടക്കേ മൈലക്കാട് സ്വദേശി ഷീലയാണ് പരാതിയുമായി അധികൃതരുടെ ഓഫീസുകൾ കയറി ഇറങ്ങുന്നത്.
1986 ൽ എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്ടർ ചെയ്ത ഷീല അന്ന് മുതൽ രജിസ്ട്രേഷൻ പുതുക്കുന്നുണ്ട്. എന്നാൽ ഒഴുവുകൾ പലതും വന്നിട്ടും തന്നെ പരിഗണിക്കുന്നില്ലെന്ന് ഷീല പറയുന്നു. ഇന്‍റർവ്യൂ കാർഡ് പോലും ഇതുവരെ ലഭിച്ചിട്ടില്ല. പരിഗണന പട്ടികയിൽ തന്നെക്കാൾ പിന്നിലുള്ളവർക്ക് ജോലി ലഭിച്ചിരിക്കവെയാണ് നടപടി തട്ടിപ്പാണെന്ന് ഷീല ആരോപിക്കുന്നത്.
2007-ൽ എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ എത്തിയപ്പോൾ വയസ് 35 പിന്നിട്ടതിനാൽ ജോലി ലഭിക്കില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ രസീത് വാങ്ങി നശിപ്പിച്ചതായും ഷീല ആരോപിക്കുന്നു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കണമെന്നും, രേഖകൾ നശിപ്പിച്ച ഉദ്ദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ഷീല പറയുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ, എംപ്ലോയി മെന്‍റ് എക്സ്ചേഞ്ചിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും ഷീല പറഞ്ഞു.