കൊല്ലം : കിളിക്കൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സൈനികനും സഹോദരനും മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ വിചിത്ര റിപ്പോര്‍ട്ട്. സൈനികന്‍ വിഷ്‌ണുവിനും സഹോദരന്‍ വിഘ്‌നേഷിനും മര്‍ദനമേറ്റത് സ്‌റ്റേഷനില്‍ വച്ചാണെന്നും എന്നാല്‍ അടിച്ചത് ആരാണെന്ന് വ്യക്തമല്ലെന്നുമാണ് മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോര്‍ട്ടിലുള്ളത്. കിളിക്കൊല്ലൂർ സ്റ്റേഷനിൽ വച്ച് എസ്ഐ അനീഷും സിഐ വിനോദും മര്‍ദിച്ചുവെന്ന സൈനികന്‍റെയും സഹോദരന്‍റെയും വാദത്തിന് തെളിവില്ലെന്നാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറയുന്നത്.
മര്‍ദിച്ചത് ആരാണെന്ന് വ്യക്തമല്ല. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവർക്കും മർദനം ഏറ്റതെന്ന വാദത്തിനും അടിസ്ഥാനമില്ല. സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
എന്നാൽ റിപ്പോർട്ടിനെതിരെ സൈനികന്‍റെ അഭിഭാഷകന്‍ രംഗത്തെത്തി. കസ്റ്റഡിയിലുള്ള സൈനികയും സഹോദരനെയും ലോക്കപ്പിൽ വച്ച് ആക്രമിച്ചത് ഗുണ്ടകളാണോ എന്ന് പൊലീസ് വ്യക്തമാക്കണമെന്ന് അഡ്വ അനിൽ പ്രസാദ് ആവശ്യപ്പെട്ടു. അതേസമയം ആരോപണ വിധേയരായ എസ്ഐയെയും സിഐയെയും സംരക്ഷിക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന് വിഘ്‌നേഷും പറഞ്ഞു.
കേസ് താഴേ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവയ്ക്കാനും ശ്രമം നടക്കുന്നുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിഘ്നേഷ് വ്യക്തമാക്കി.