ചെന്നൈ: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കൊല്ലം സ്വദേശിയായ നിഖിത(19) ആണ് മരണപ്പെട്ടത്. ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പെടാതിരുന്നതാണ് മരണകാരണമെന്നാണ് വിവരം.
താംബരം സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ എംഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് നിഖിത. താംബരത്തിനടുത്തുള്ള ആനന്ദപുരത്തെ ഹോസ്‌റ്റലിലായിരുന്നു നിഖിതയുടെ താമസം. പഠനത്തോടൊപ്പം കിന്‍റര്‍ഗാര്‍ഡന്‍ അധ്യാപികയായും നിഖിത ജോലി ചെയ്‌തു വരികയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ജോലിക്കായി ഇറുംപുളിയൂരിലേക്ക് പോകവെ താംബരം ജിഎസ്‌ടി റോഡിന് സമീപമുള്ള റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഫോണില്‍ സംസാരിക്കുന്നതോടൊപ്പം ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിച്ചിരുന്ന നിഖിത ട്രെയിന്‍ വരുന്നത് ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് വേഗത്തില്‍ എത്തിയ ഗുരുവായൂര്‍ എക്‌സ്‌പ്രസ് തട്ടി തല്‍ക്ഷണം നിഖിത മരണപ്പെടുകയായിരുന്നു.
അപകടസമയം സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ താംബരം റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. വിവരം ലഭിച്ചതിന് രണ്ട് മണിക്കൂറുള്‍ക്ക് ശേഷം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സൈനിക ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് പൊലീസ് നിഖിതയുടെ മാതാപിതാക്കളെ വിവരമറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.