കൊല്ലം : ഭരണഘടനാമൂല്യങ്ങള്‍ ജീവിതവുമായി വിളക്കിച്ചേര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.കേശവന്‍ സ്‌മാരക ടൗണ്‍ഹാളില്‍, ഭരണഘടനാ സാക്ഷരതാ ജില്ലയായി കൊല്ലത്തെ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സാഹോദര്യത്തിന്‍റെ കണ്ണിലൂടെ ഭരണഘടനയെ വായിക്കാനാകണമെന്നും ഭരണഘടനയുടെ സുഗമപ്രവര്‍ത്തനത്തിന് അവയിലെ മൂല്യങ്ങളുടെ വ്യാപനം പ്രധാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേവലമായ നിയമപ്രമാണമെന്ന നിലയ്ക്കല്ല പരിവര്‍ത്തനോത്സുകമായ സ്വഭാവസവിശേഷതയിലൂടെയാണ് ഭരണഘടനയ്ക്ക് വ്യത്യസ്‌തത കൈവരുന്നത്. മതനിരപേക്ഷതയിലൂന്നിയുള്ള ജീവിതമാണ് ഭരണഘടനാപരം. എന്നാല്‍ ഈ സുപ്രധാനമൂല്യത്തിന് വ്യതിയാനങ്ങള്‍ വരുന്നത് ഗൗരവമായി കാണണമെന്നും ഏതെങ്കിലും മതം മറ്റൊന്നിന് മുകളിലോ താഴെയോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവിശ്വാസത്തിന് സ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ വിശ്വസിക്കാതെ ജീവിക്കാനും കഴിയുമെന്നും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് നാട്ടിലുള്ള ഭൂരിപക്ഷമെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വേണ്ടത് പുരോഗമനപരമായ സമീപനം: ശാസ്‌ത്രചിന്തയും യുക്തിബോധവും വളര്‍ത്താന്‍ ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്ധവിശ്വാസവും അനാചാരങ്ങളും തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുമ്പോള്‍ ഉറച്ച നിലപാടോടെയുള്ള പുരോഗമനപരമായ സമീപനം സ്വീകരിക്കണം. ഫെഡറല്‍ സംവിധാനത്തിന് തകര്‍ച്ച നേരിട്ടുകൂടെന്നും വൈവിധ്യങ്ങളെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെല്ലാമെതിരെ നിലകൊള്ളാന്‍ ഭരണഘടനാമൂല്യങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിന്‍റെ ഭാഗമായി കൊല്ലം : മതനിരപേക്ഷതയും സാമൂഹ്യ അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ് ജില്ലയുടെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാപദവിയെന്നും ചരിത്രത്തിലെ ഏടായി അത് മാറുമെന്നും അധ്യക്ഷനായ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഏതുസാഹചര്യത്തിലും മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ഭരണഘടനയുടെ അന്തസ് നിലനിര്‍ത്തി മുന്നോട്ട് തന്നെ സംസ്ഥാനം നീങ്ങുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രതികരിച്ചു.
മേയര്‍ പ്രസന്ന ഏണസ്‌റ്റ്, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എംഎല്‍എമാരായ എം.നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, ഡോ.സുജിത് വിജയന്‍പിള്ള, പി.എസ് സുപാല്‍, സി.ആര്‍ മഹേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ.ഡാനിയല്‍, ജില്ല കലക്‌ടര്‍ അഫ്‌സാന പര്‍വീണ്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാല്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മുന്‍ മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ, ജില്ല ആസൂത്രണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം.വിശ്വനാഥന്‍, കില ഡയറക്‌ടര്‍ ജോയ് ഇലമണ്‍, രാഷ്‌ട്രീയ സാമൂഹിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.