കൊല്ലം : സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങളിലും കശുവണ്ടി ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉറപ്പാക്കുന്നതിനോടൊപ്പം നിലവിലെ പ്രതിസന്ധിക്ക് കൈത്താങ്ങാകുന്നതിനാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍റെയും കാപെക്‌സിന്‍റെയും ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ വിപണി ഉറപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാപക്‌സിന്‍റെ കൊല്ലം പെരുമ്പുഴ കശുവണ്ടി ഫാക്‌ടറി സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് കൂടി കണക്കിലെടുത്താണ് കശുവണ്ടി, നെയ്യ്, ഏലയ്ക്ക തുടങ്ങിയ ഉത്പന്നങ്ങള്‍ സര്‍ക്കാരിന്‍റെ ഓണ കിറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൃത്യസമയത്ത് എല്ലാവരിലേക്കും ഓണക്കിറ്റ് എത്തിക്കും. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 983572 കിറ്റുകളാണ് നല്‍കിയതെന്നും ആഭ്യന്തര വിപണിയില്‍ ഇടപെടല്‍ നടത്തിയാല്‍ പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്‍റെ ഓണക്കിറ്റിലേക്ക് 80 ലക്ഷത്തോളം കശുവണ്ടി പാക്കറ്റുകള്‍ സമയബന്ധിമായി തയ്യാറാക്കിയ കശുവണ്ടി വികസന കോര്‍പറേഷന്‍, കാപെക്‌സ് എന്നിവയുടെ തൊഴിലാളികള്‍, മാനേജ്മെന്‍റ് എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കാഷ്യു വികസന കോര്‍പറേഷന്‍റെയും കാപെക്‌സിന്‍റെയും ഉപഹാരം മന്ത്രിക്ക് കൈമാറി.
കാപെക്‌സിന്‍റെ ഫാക്‌ടറികളിലെ തൊഴിലാളികളില്‍ ഗുരുതര രോഗം ബാധിച്ചവര്‍ക്കുള്ള ഓണക്കിറ്റ് മന്ത്രി വിതരണം ചെയ്‌തു. കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള അധ്യക്ഷനായിരുന്നു. സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, സി.ഡി.സി എം.ഡി ഡോ. രാജേഷ് രാമകൃഷ്‌ണന്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.