കൊല്ലം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ജില്ലയിലെ കശുവണ്ടി ഫാക്ടറികള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട് തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമെന്നോണം ഫാക്ടറികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന അറിയിപ്പാണ് വരുന്നത്. തൊഴിലാളികളുടെ എണ്ണം കുറച്ച് ഒന്നിടവിട്ട ദിനങ്ങളില്‍ എല്ലാ തൊഴിലാളികള്‍ക്കും ജോലി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൊഴിലാളികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം മാത്രമെ അകത്ത് പ്രവേശിപ്പിക്കൂ. ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പനി, ജലദോഷം, ശ്വാസതടസം എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ ഫാക്ടറിയില്‍ പ്രവേശിപ്പിക്കില്ല. അതേസമയം, തോട്ടണ്ടി ഇറക്കുമതിയിലും പരിപ്പ് കയറ്റുമതിയിലും വലിയ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചത് ഈ മേഖലക്ക് വലിയ നഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.