കൊല്ലം : വർഷങ്ങൾക്കിപ്പുറം കൊച്ചിയില്‍ നിന്ന് കൊല്ലം തുറമുഖത്ത് ചരക്ക് കപ്പൽ എത്തി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ തീരദേശ സർവീസ് കൊല്ലത്തേക്ക് നീട്ടുന്നതിന്‍റെ ഭാഗമായിട്ടാണ് കപ്പലെത്തിയത്. എഫ്.സി.ഐയ്‌ക്കുള്ള 41 റാക്ക് ഭക്ഷ്യവസ്‌തുക്കളുമായി ചോ ഗ്ലേ സെവൻ ആണ് തീരമണഞ്ഞത്.
കൊച്ചി - ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കഴിഞ്ഞ ജൂലായിൽ ആരംഭിച്ച സർവീസാണ് കൊല്ലത്തേക്ക് നീട്ടിയത്. കൊല്ലം - കൊച്ചി റൂട്ടിൽ കൂടുതൽ ചരക്ക് ലഭിച്ചാൽ ആഴ്ചയിൽ രണ്ട് തവണ കപ്പൽ ജില്ലയില്‍ എത്തും. വർഷങ്ങൾക്ക് മുമ്പ് ഈ റൂട്ടിൽ ചരക്ക് കപ്പൽ സർവീസ് നടത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുടങ്ങി.
കൊല്ലം തുറമുഖം വഴി കൂടുതല്‍ ചരക്കുകളെത്തിക്കാന്‍ നീക്കം
പുതുജീവൻ ലഭിച്ച തീരദേശ സർവീസ് മുടക്കം കൂടാതെ മുന്നോട്ടുകൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം. റൂട്ടിൽ ചരക്ക് ഉറപ്പാക്കാൻ കൊല്ലത്ത് ട്രേഡ് മീറ്റ് സംഘടിപ്പിച്ചിരുന്നു. പത്തനംത്തിട്ട, തിരുവനന്തപുരം ജില്ലകളിലേക്ക് റോഡ് മാർഗമെത്തുന്ന ചരക്കും കൊല്ലം തുറമുഖം വഴിയാക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് 24 കണ്ടെയ്‌നറുകൾ കൊണ്ടുപോകാനുണ്ട്. കപ്പലിൽ ഇത് കൊണ്ടുപോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റൗണ്ട് കോസ്റ്റ് എന്ന സ്വകാര്യ കമ്പനിയാണ് തീരദേശ കപ്പൽ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈ സേവനം പ്രോത്സാസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഷിപ്പിങ് ഏജൻസികൾക്ക് സർക്കാർ പ്രത്യേക ഇൻസെന്‍റീവും പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ കപ്പൽ സർവീസ് സ്ഥിരമായാൽ കൊല്ലം തുറമുഖത്തിന്‍റെ തലവര മാറും. വരുമാനം ഉയരുന്നതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമുള്ള കപ്പൽ സർവീസുകൾ ആരംഭിക്കാനുള്ള നീക്കങ്ങൾക്ക് കരുത്താകും. സ്ഥിരം എമിഗ്രേഷൻ പോയിന്‍റിന് വേണ്ടിയുള്ള ശ്രമങ്ങളും ഊർജിതമാക്കും.
പുതിയ സർവീസ് കൊല്ലം പോർട്ടിൽ എം.എൽ.എ എം മുകേഷ് ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എ എം. നൗഷാദ്, മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വിവിധ യൂണിയൻ നേതാക്കൾ, തുറമുഖ അധികൃതർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ALSO READ: പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം 24 മുതല്‍ ; ടൈം ടേബിള്‍ പുറത്ത്