കൊല്ലം: പള്ളിമണ്ണില്‍ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ ദേഹത്ത് മുറിവുകളോ ചതവുകളോ കാണാനായില്ലെന്നും ശരീരത്തില്‍ ബാഹ്യമായ പരിക്കുകള്‍ ഇല്ലെന്നുമാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം മരണത്തില്‍ അസ്വാഭാവികത ഉണ്ടോ ഇല്ലയോ എന്നത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സൂചിപ്പിച്ചു. കമിഴ്ന്നുകിടന്ന മൃതദേഹം കോസ്റ്റൽ പൊലീസാണ് കണ്ടെത്തിയത്.
കരയ്‌ക്കെത്തിച്ച മൃതദേഹം കുട്ടിയുടെ അമ്മയുടെ സഹോദരി തിരിച്ചറിഞ്ഞു. വിദേശത്ത് ജോലിയുള്ള അച്ഛൻ പ്രദീപും എത്തിയിരുന്നു. ഇൻക്വസ്റ്റ്, തിരിച്ചറിയൽ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലും കേസന്വേഷണത്തിലും യാതൊരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
ദേവനന്ദയെ കാണാതായ ദിവസം മുതൽ പൊലീസും മുങ്ങൽ വിദഗ്‌ധരും അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുലർച്ചെ ആറുമണിയോടെ വീടിന് സമീപമുള്ള ആറ്റിൽ മൃതദേഹം എങ്ങനെ എത്തിയെന്നുള്ളതിൽ ദുരൂഹത ഉണ്ടാക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഫോറൻസികും ഡോഗ് സ്‌കോഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടിൽ നിന്നും 200 മീറ്ററോളം ആറ്റിലേക്ക് ദൂരമുള്ളതിനാൽ കുട്ടി തനിച്ച് വരില്ല എന്ന നിലപാടിലാണ് നാട്ടുകാർ.
നെടുമണ്‍കാവ് ഇളവൂരില്‍ പ്രദീപ്- ധന്യ ദമ്പതിമാരുടെ മകളായ ദേവനന്ദയെ വീടിന് മുന്നില്‍ നിന്ന് വ്യാഴാഴ്‌ച രാവിലെയാണ് കാണാതായത്. ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ദേവനന്ദ. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മകനെ അടുത്ത മുറിയിൽ ഉറക്കി കിടത്തിയ ശേഷം ധന്യ വീടിനു പുറത്തിറങ്ങിയ സമയമാണ് ദേവനന്ദയെ കാണാതായത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടവട്ടൂരുള്ള പിതാവിന്‍റെ വസതിയിൽ എത്തിക്കും.