കൊല്ലം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെടെ വൻ വിജയം നേടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ബി ബി ഗോപകുമാർ. ജില്ലയിൽ പോരാട്ടം ബിജെപിയും എൽഡിഎഫും തമ്മിലാണ്. 36 ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്തിയ ശേഷമായിരുന്നു ബി ബി ഗോപകുമാറിന്‍റെ പ്രതികരണം. ഭരണ കാലയളവിൽ ഇടത് പക്ഷം നടപ്പാക്കിയ എല്ലാ പദ്ധതികളിലും അഴിമതിയാണെന്നും മാലിന്യ സംസ്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിപാലനം തുടങ്ങിയവയെല്ലാം വൻ പരാജയമായിരുന്നെന്നും ബി ബി ഗോപകുമാർ പറഞ്ഞു.
വനിതാ യുവജന വിദ്യാർത്ഥികൾ അടക്കം എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നൽകുന്ന ലിസ്റ്റാണ് ബിജെപിയുടെത്. കൊല്ലം കോർപ്പറേഷനിൽ ഇക്കുറി ബിജെപി ഭരണം പിടിക്കുമെന്നും ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.
നിലവിൽ നഗരസഭാ ഭരണത്തിൽ തേവള്ളി, തിരുമുല്ലാവാരം, ഡിവിഷനുകളിലാണ് എൻഡിഎ അംഗങ്ങൾ ഉള്ളത്. ബിഡിജെഎസ് ഉൾപ്പടെയുള്ള ഘടകകക്ഷികളുമായുള്ള ചർച്ച ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.