കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമെ മദ്യവിൽപ്പനശാലകളില്‍ വില്‍പന നടത്താവൂ എന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി കൊല്ലത്ത് മദ്യ വിൽപ്പന. കൊല്ലം ആശ്രാമത്തെ ഹോക്കി സ്‌റ്റേഡിയത്തിന് മുന്നിലെ സർക്കാർ മദ്യ വിൽപ്പനശാലയ്ക്ക് മുന്നിലാണ് രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടത്.
ഒമ്പത് മണിക്ക് മദ്യ വിൽപന ആരംഭിച്ചപ്പോഴേക്കും മദ്യപരുടെ ഒഴുക്ക് വർധിച്ചു. നാല് ഔട്ട് ലെറ്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മദ്യ വിൽപ്പന ആരംഭിച്ചതോടെ ആളുകൾ നിയന്ത്രണങ്ങൾ കാറ്റി പറത്തി കൂട്ടം കൂടി. നാല് കൗണ്ടറുകളിൽ എത്തുന്ന ജനത്തെ നിയന്ത്രിക്കാൻ ഇവിടെ നിയോഗിച്ചത് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ്.
also read: പൂട്ട് തുറന്നു ; സംസ്ഥാനത്ത് ജനജീവിതം സജീവമാകുന്നു
മദ്യം വാങ്ങാൻ തിരക്ക് വർധിച്ചതോടെ പൊലീസിന് ഇവരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായി. ഒരു സമൂഹിക അകലവും പാലിക്കാതെയാണ് ഇവിടെ മദ്യം വാങ്ങാൻ ജനങ്ങൾ തടിച്ച് കൂടിയത്. മദ്യശാലയ്ക്ക് മുന്നിലെ ഹോക്കി സ്‌റ്റേഡിയത്തിലാണ് കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തിക്കുന്നത്. അതിനാല്‍ ഇതുവഴി എപ്പോഴും ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്.
മദ്യം വാങ്ങാൻ എത്തുന്നവരുടെ തിരക്ക് മൂലം ഇത് വഴി വാഹനങ്ങൾക്ക് കടന്ന് പോകാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട്. വരും ദിവസങ്ങളിൽ മദ്യശാലയ്ക്ക് മുന്നിൽ തിരക്ക് വർധിക്കാൻ സാധ്യതയേറെയാണ്. ഇത് പ്രതിസന്ധി രൂക്ഷമാക്കുമെന്നതില്‍ തര്‍ക്കമില്ല.