കൊല്ലം: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരിയും പെൺകുട്ടിയുടെ അമ്മയും പൊലീസ് പിടിയിലായി. തിരുവല്ല സ്വദേശി വിഷ്‌ണുനാരായണനും പീഡനത്തിന് സഹായം ചെയ്‌ത് കൊടുത്ത പെൺകുട്ടിയുടെ അമ്മയുമാണ് പിടിയിലായത്. പടിഞ്ഞാറെ കല്ലട സ്വദേശിയായ സ്‌ത്രീ പൂജാരിയുമായി പ്രണയത്തിലാവുകയും ഇയാളുമൊത്ത് വാടക വീട്ടിൽ കഴിഞ്ഞു വരികയുമായിരുന്നു. ഈ സമയത്താണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. പൂജാരിയുടെ പെരുമാറ്റത്തെ പറ്റി പലതവണ അമ്മയോട് പെണ്‍കുട്ടി പരാതി പറഞ്ഞിരുന്നെങ്കിലും കാര്യമാക്കാത്തതിനെ തുടർന്ന് പെൺകുട്ടി അമ്മൂമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
വിഷ്‌ണുനാരായണൻ പൂജാരി ചമഞ്ഞ് വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തി വരികയായിരുന്നു. കൂടാതെ വിവിധ സ്ഥലങ്ങളിൽ വാടക വീടെടുത്ത് സ്‌ത്രീകളെ താമസിപ്പിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ഇയാൾ നടത്തുന്നുണ്ട്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വിവരമറിഞ്ഞ് പൂജാരിയും കാമുകിയും ബന്ധുക്കൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന് പൊലീസിൽ പരാതി നൽകിയശേഷം ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവല്ല ഭാഗത്ത് നിന്നാണ് ഇരുവരും പിടിയിലായത്. ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരവും ശിശു സംരക്ഷണ നിയമപ്രകാരവും കേസെടുത്തു.