കൊല്ലം: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്ത സഹോദരന്മാരെ ആക്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ. ചീവോട് കണ്ണൻ ഭവനിൽ സഹോദരന്മാരായ ജിഷ്‌ണു (22), വിഷ്‌ണു (22), കണ്ണൻ (20) ചീവോട് ഉദയ വിലാസത്തിൽ ജയൻ (40), ചീവോട് സുരേന്ദ്ര വിലാസത്തിൽ സുധീഷ് (38) എന്നിവരെയാണ് പുനലൂർ പൊലീസ് പിടികൂടിയത്. തച്ചക്കുളം സജി ഭവനിൽ സജി (46), സഹോദരൻ അമ്പിളി (44) എന്നിവർക്കാണ് മർദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതികൾ പ്രദേശത്ത് കൂട്ടംകൂടി കഞ്ചാവ് വലിക്കുന്നത് പതിവായിരുന്നു. ഇത് സജിയും അമ്പിളിയും ചോദ്യം ചെയ്‌തതാണ് പ്രതികളെ പ്രകോപിതരാക്കിയത്. കഴിഞ്ഞ ദിവസം രാത്രി സഹോദരന്മാർ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ ഓട്ടോറിക്ഷയിൽ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.
ഇരുവരെയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയും കമ്പിവടി കൊണ്ട് മർദ്ദിക്കുകയും ചെയ്ത ശേഷം അക്രമി സംഘം ഓട്ടോയിൽ രക്ഷപെട്ടു. പരിക്കേറ്റ ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിഷയം ഈ സമയം മറ്റൊരു കേസിൻറെ ആവശ്യത്തിനായി താലൂക്ക് ആശുപത്രിയിൽ എത്തിയ സിവിൽ പൊലീസ് ഓഫിസർ അജീഷിന്‍റെ ശ്രദ്ധയിൽപ്പെടുകയും എസ്‌ഐയെ അറിയിക്കുകയുമായിരുന്നു.
ഉടൻ തന്നെ പൊലീസ് നടപടി ആരംഭിക്കുകയും രാത്രി തന്നെ മർദ്ദനമേറ്റവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. രാത്രി തന്നെ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച പൊലീസ് വെളുപ്പിന് രണ്ട് മണിയോടെ മൂന്ന് പ്രതികളെ പുനലൂരിൽ നിന്നും പിടികൂടി. രാവിലെ 11 മണിയോടെ മറ്റ് രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്ക് കഞ്ചാവ് ലഭിക്കുന്ന വഴി അന്വേഷിക്കുമെന്നും ഇവർക്ക് മറ്റ് കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.