കൊല്ലം: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ദമ്പതികൾ പണം തട്ടിയതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശികളായ ദമ്പതികളാണ് പതിനഞ്ചോളം പേരിൽ നിന്നും വിസ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയത്. ദുബായ് എയർപോർട്ടിൽ വിവിധ തസ്‌തികകളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ചടയമംഗലം ഇളമ്പഴന്നൂർ സ്വദേശി നിസാമും ഭാര്യ സജ്‌നയും ചേർന്ന് ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ആരോപണം.
പാസ്പോർട്ട് കൈവശപ്പെടുത്തിയ ശേഷം സജ്‌നയുടെ അക്കൗണ്ടിലേക്ക് പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ഓരോരുത്തരിൽ നിന്നും 32000 രൂപ മുതൽ 82,000 രൂപ വരെ തട്ടിച്ചെന്നാണ് ആരോപണം.
നിസാം ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാർ
ആളുകളിൽ നിന്നും വാങ്ങിയെടുത്ത തുക തൃശൂർ സ്വദേശിയായ ഹരികൃഷ്ണൻ എന്നയാൾക്ക് നൽകിയെന്നാണ് പണം തട്ടിയ നിസാം പറഞ്ഞതെന്നും എന്നാൽ ഇങ്ങനെ ഒരാളെ കുറിച്ച് ആർക്കും യാതൊരു വിവരവുമില്ലെന്നും പരാതിക്കാർ പറയുന്നു. പരാതികൾ ഉയരാൻ തുടങ്ങിയതോടെ ചിലർക്ക് മാത്രം പണം നൽകി നിസാമും ഭാര്യയും തടിയൂരാൻ ശ്രമിച്ചു.
നിയമനടപടികളുമായി മുന്നോട്ടു പോകുന്നവർക്ക് പണം നൽകില്ലെന്ന ഭീഷണിയും ഉയർത്തി. ഇതോടെ പലരും പരാതിയുമായി മുന്നോട്ടു പോകാതെയായി. ഗത്യന്തരമില്ലാതെ വന്നതോടെയാണ് ചിലർ പരാതിയുമായി രംഗത്തെത്തിയതെന്നും ഇവർ വ്യക്തമാക്കുന്നു.
കൊട്ടാരക്കര റൂറൽ എസ് പിയ്ക്കടക്കം പരാതി നൽകി നാളുകൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. വിദേശത്ത് ജോലി ആഗ്രഹിച്ച് വായ്‌പയെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് പലരും പണം നൽകിയത്.
ALSO READ: ഗുരുക്രാന്ത്രി അക്രമം; മൃതദേഹത്തോട് ക്രൂരത കാണിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍