കൊല്ലം : 105 പേരുടെ മരണത്തിനിടയാക്കിയ പെരുമൺ ദുരന്തത്തിന് വെള്ളിയാഴ്‌ച 34 വയസ്. 1988 ജൂലൈ എട്ടിനാണ് നാടിനെ നടുക്കിയ തീവണ്ടി ദുരന്തമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലൻഡ് എക്‌സ്‌പ്രസ് കൊല്ലം മൺറോ തുരുത്തിനും പെരിനാടിനുമിടയിൽ പെരുമൺ പാലത്തിൽ നിന്നും അഷ്‌ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ 105 പേർ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഐലന്‍ഡ് എക്‌സ്‌പ്രസിന്‍റെ എഞ്ചിന്‍ പെരുമൺ പാലം കടന്നതിന് പിന്നാലെയാണ് ബോഗികൾ കായലിലേക്ക് വീണത്. തീവണ്ടിയുടെ 12 ബോഗികൾ പൂർണമായി കായലിൽ പതിച്ചു.
അപകടമുണ്ടായതിന് തൊട്ടുപിന്നാലെ അഷ്‌ടമുടിയിലെ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ജില്ലാഭരണകൂടവും റെയിൽവേയും രക്ഷാദൗത്യവുമായി എത്തുന്നത്. ദിവസങ്ങൾക്ക് ശേഷമാണ് പലരുടേയും മൃതദേഹം പുറത്തെടുക്കാനായത്.
റെയില്‍വേയുടെ സുരക്ഷാവീഴ്‌ചയാണ് അപകട കാരണമെന്ന് തുടക്കത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു. ദുരന്തകാരണം കണ്ടെത്താൻ 2 കമ്മിഷനെ നിയമിച്ചെങ്കിലും ചുഴലിക്കാറ്റാണ് അപകട കാരണമെന്നായിരുന്നു കണ്ടെത്തല്‍. ദുരന്തത്തിന്‍റെ 34-ാം വാര്‍ഷിക ദിനത്തില്‍ പെരുമൺ ജങ്കാർ കടവിലുള്ള സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിക്കും.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളും നാട്ടുകാരും വിവിധ സംഘടനാപ്രവർത്തകരും പെരുമണ്ണിലെത്തും. സ്‌മൃതിമണ്ഡപം നിൽക്കുന്ന സ്ഥലം ഇപ്പോള്‍ പാലം നിർമാണത്തിന് വേണ്ടി ചുറ്റുവേലി കെട്ടി അടച്ച നിലയിലാണ്. പുതിയതായി നിർമിക്കുന്ന പെരുമൺ-പേഴംതുരുത്ത് പാലത്തിന് പെരുമൺ ദുരന്ത സ്‌മാരകമെന്ന പേര് നല്‍കണമെന്ന ആവശ്യം ശക്തമാണ്.