കാസർകോട്: നിറ യൗവനത്തിൽ യക്ഷഗാനം സംസ്ഥാന കലോത്സവ വേദിയിൽ. തുളുനാടിന്റെ സ്വന്തം കല കലോത്സവത്തിലെ മത്സര ഇനമായി 25 വയസ് പിന്നിടുമ്പോൾ യക്ഷഗാനത്തിന്റെ പ്രചാരം ദേശാതിർത്തികൾക്കപ്പുറത്തെത്തി കഴിഞ്ഞു. കന്നഡയിലാണ് സംസാരവും ഭാഗവതവും. എങ്കിലും യക്ഷഗാനത്തിലെ കന്നഡ സംഭാഷണങ്ങളൊക്കെ തിരുവനന്തപുരത്തുകാർക്കും ആലപ്പുഴക്കാർക്കുമൊക്കെ ഒരു പ്രശ്നമേ അല്ല. ഒരു പക്ഷേ കന്നഡ പഠിച്ചവർക്കൊപ്പം പിടിച്ചു നിൽക്കും യക്ഷഗാനത്തിലെ തെക്കൻ ജില്ലകളിലെ മത്സരാർഥികൾ.
കർണാടകയുടെ പ്രധാന കലയായ യക്ഷഗാനത്തിന്റെ ആവിർഭാവം കാസർകോട് കുമ്പളയിലാണ്. 1991ൽ കാസർകോട് സംസ്ഥാന കലോത്സവം നടക്കുമ്പോഴാണ് യക്ഷഗാനം മത്സര ഇനമാക്കണമെന്ന ആവശ്യമുയർന്നത്. പിന്നീട് രണ്ട് വർഷത്തിന് ശേഷം സംസ്ഥാനമേളയിൽ ആദ്യമായി യക്ഷഗാനം അവതരിപ്പിക്കപ്പെട്ടു.
അറുപതാമത് മേള കാസർകോട് നടക്കുമ്പോൾ നിറയൗവനത്തിലാണ് യക്ഷഗാനം വേദിയിലെത്തിയത്. ഭാഷക്കും ദേശത്തിനുമപ്പുറം യക്ഷഗാനം എത്തിയതിന്റെ തെളിവായി മത്സരാർഥികളുടെ എണ്ണം. 12 ടീമുകൾ ആണ് ഇക്കുറി യക്ഷഗാനത്തിൽ മത്സരിച്ചത്.