കാസർകോട്: ഒറ്റയ്ക്ക് ഒരു സ്ത്രീ കഴിയുന്നു എന്നത് അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് സമൂഹം എത്തിച്ചേര്‍ന്നിട്ടില്ലെന്ന് വനിതാ കമ്മിഷന്‍ (Women's Commission) അധ്യക്ഷ അഡ്വ. പി സതീദേവി (P Sathidevi) പറഞ്ഞു. പൊതുബോധനിര്‍മിതിയിലെ ന്യൂനത മൂലമാണ് ഈ ചിന്താഗതി സമൂഹം ഇപ്പോഴും പുലര്‍ത്തുന്നത്. സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന ചിന്താഗതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ആണ്‍തുണ ഇല്ലാതെ സ്ത്രീ ജീവിക്കുന്നത് അംഗീകരിക്കാന്‍ സമൂഹത്തിനു കഴിയുന്നില്ല.
നാല്‍പ്പതു വയസുകഴിഞ്ഞ് വിവാഹിത ആയിട്ടില്ലെങ്കില്‍ അവളെ അനാവശ്യ വസ്‌തുവായി മാറ്റപ്പെടുന്ന സ്ഥിതിയുണ്ട്. വളരെയേറെ ദുരിതങ്ങളാണ് ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മിഷന്‍ പഠനം നടത്തും. ഇവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കും (P Sathidevi about women's problems). പൊതുബോധത്തില്‍ ആഴ്ന്നിറങ്ങിയിട്ടുള്ള തെറ്റായ ചിന്താഗതികള്‍ക്കു മാറ്റമുണ്ടാകേണ്ടതുണ്ട്.
ചെറുപ്രായത്തില്‍ തന്നെ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാനസികാവസ്ഥ പെണ്‍കുട്ടികള്‍ക്ക് സ്വായത്തമാക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണം. പ്രായമായ മാതാപിതാക്കളെ അനാഥാലയങ്ങളിലും അമ്പലങ്ങളിലും നടതള്ളുന്ന നീചമായ മനസുള്ള മക്കള്‍ ഇന്നു കേരളീയ സമൂഹത്തിലുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുമ്പോള്‍, കണക്കു പറയുന്ന മക്കളെ കാണാറുണ്ട്. ഇവരുടെ കണക്കുപറച്ചില്‍ സമൂഹത്തിനാകെ നാണക്കേടാണ്.
അവിവാഹിതരും വിധവകളുമായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ, വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പലിശ രഹിത വായ്‌പകളും ലഭ്യമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് വനിതാ കമ്മീഷന്‍റെ ശ്രമം. വനിതകള്‍ക്കു കരുത്തു പകരുന്നതിനും സാമൂഹിക അംഗീകാരം ഉറപ്പുവരുത്തുന്നതിനും കമ്മീഷന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മുന്നേറ്റം കൈവരിച്ചിട്ടുള്ളത് ആശാവഹമാണെന്നും അവർ പറഞ്ഞു.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ് വനിതാ കമ്മിഷനില്‍ കൂടുതലായി എത്തുന്നത്. വിവാഹം കഴിക്കുന്നതിനുള്ള പക്വത എത്തുന്നതിനു മുന്‍പേ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയയ്ക്കുന്നത് തെറ്റാണ്. കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതും ഒരു കാരണമാണ്. വിദ്യാസമ്പന്നമായ കുടുംബങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത്.
ആരുടേയും ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത മേഖലകള്‍ കണ്ടെത്തിയാണ് വനിതാ കമ്മിഷന്‍ 11 പബ്ലിക് ഹിയറിംഗുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങള്‍ ഉള്ള ജില്ലയാണ് കാസർകോട്. ഒറ്റപ്പെട്ടു പോയ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു സതിദേവി.
ALSO READ: ട്രാൻസ്‌ജെൻഡറിന് സ്ത്രീലക്ഷണം ; ശബരിമല സന്നിധാനത്തുനിന്നും മടക്കി അയച്ചു