കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതഗാനമൊരുങ്ങുന്നു. 60-ാമത് കലോത്സവത്തിനായി ജില്ലയിലെ 60 സ്‌കൂള്‍ അധ്യാപകര്‍ ചേര്‍ന്നാണ് സ്വാഗത ഗാനം ആലപിക്കുന്നത്. സംഗീതത്തോടൊപ്പം ദൃശ്യാവിഷ്‌കാരവും ചേര്‍ന്നാണ് സ്വാഗത ഗാനം കലോത്സവ വേദിയിലെത്തുക.സപ്‌ത ഭാഷാഭൂമിയെ പ്രകീര്‍ത്തിച്ചും പ്രാചീന നാട്ടു ചരിത്രത്തെ സ്മരിച്ചും കാസര്‍കോടന്‍ മണ്ണില്‍ പിറന്ന സാംസ്‌കാരിക പ്രതിഭകളെ അടയാളപ്പെടുത്തിയുമാണ് സ്വാഗതഗാനം അതിഥികളെ വരവേല്‍ക്കുന്നത്.
കാസര്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം അടയാളപ്പെടുത്തുന്നതാണ് സ്വാഗത ഗാനം. മഹാകവി കുട്ടമത്തിന്റെ ചെറുമകന്‍ കെ.വി മണികണ്‌ഠദാസിന്‍റെ വരികള്‍ക്ക് സ്വരമാധുര്യം തീര്‍ക്കുന്നത് സംഗീത രത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. കാസര്‍കോടിന്‍റെ സമസ്ത മേഖലയെയും സ്പര്‍ശിക്കുന്നതാണ് സ്വാഗത ഗാനത്തിലെ വരികള്‍. കവിതയുടെ നിത്യകന്യകയെ തേടിയലഞ്ഞ മഹാകവി പി. കുഞ്ഞിരാമന്‍ നായരെയും കവിയും നവോത്ഥാന നായകനുമായ ടി. ഉബൈദിനെയും സംഗീത - നാടക പ്രസ്ഥാനത്തിന്റെ സൂര്യതേജസ് വിദ്വാന്‍ പി. കേളു നായരെയും സാഹിത്യ മണ്ഡലത്തില്‍ കൈയൊപ്പ് ചാര്‍ത്തിയ മറ്റ് മഹാരഥന്‍മാരെക്കുറിച്ചും സ്വാഗത ഗാനം സ്മരിക്കുന്നു.