കാസർകോട്: ജല ദൗര്‍ലഭ്യത്തില്‍ വലഞ്ഞ് കാസര്‍കോട് പൂടംകല്ല് താലൂക്ക് ആശുപത്രി. കൊവിഡ് പരിശോധനകള്‍ക്കുള്‍പ്പെടെ ദിവസേന നൂറ് കണക്കിന് ആളുകള്‍ എത്തുന്നിടത്താണ് ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ. ദിവസേന നാനൂറിലധികം രോഗികള്‍ ഒപിയില്‍ മാത്രം ചികിത്സക്കെത്തുന്നുണ്ട്. മൂന്ന് നിലകളുള്ള കെട്ടിടത്തിൻ്റെ ഒന്നാമത്തെ നിലയിലേക്ക് മാത്രമേ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്നുള്ളു. തൊട്ടടുത്ത ബഡ്സ് സ്‌കൂളില്‍ നിന്നാണ് നിലവില്‍ ആശുപത്രിയിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്നത്.
അതേസമയം നിലവില്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമായതിനാല്‍ സമീപത്തെ പൂടംകല്ല് ബഡ്‌സ് സ്‌കൂളിന കൊവിഡ് ആശുപത്രിയാക്കി മാറ്റമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ബഡ്‌സ് സ്‌കൂള്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റിയാല്‍ അവിടെ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യത്തിന് വെള്ളമെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജലക്ഷാമം മൂലം താലൂക്ക് ആശുപത്രി അടച്ചിടേണ്ട സാഹചര്യം വന്നാല്‍ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.