കാസർകോട്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി ജില്ലാ കമ്മിറ്റി അംഗം വി വി രമേശൻ ജനവിധി തേടും. കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനാണ് വി വി രമേശൻ. ഇന്ന് കുമ്പളയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായത്. സ്ഥാനാർഥിത്വം വൈകിട്ടോടെ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിന്‍റെ തുടക്കത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദയെ നിർദേശിച്ചെങ്കിലും മണ്ഡലം കമ്മിറ്റിയിൽ വിയോജിപ്പ് ഉയർന്നിരുന്നു. തുടർന്ന് രണ്ടു തവണ മണ്ഡലം കമ്മിറ്റി വിളിച്ചു ചേർത്ത ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയത്.
ബുധനാഴ്‌ച വൈകിട്ട് ചേർന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വി വി രമേശന്‍റെ പേര് ഉയർന്നു വന്നെങ്കിലും തീരുമാനം ആയിരുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ശങ്കർ റൈ യുടെ പേരും ഇതിനിടെ ഉയർന്നു വന്നു. പിന്നീട് വീണ്ടും ചേർന്ന മണ്ഡലം കമ്മിറ്റിയിലാണ് വി വി രമേശനെ സ്ഥാനാർഥിയാക്കാമെന്ന തീരുമാനത്തിലെത്തിയത്.