കാസർകോട്: ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ ഉൾപെടെയുള്ളവ ഓൺലൈൻ വഴിയാക്കിയിട്ടും ഏജന്‍റുമാർ മുഖേന ഉദ്യോഗസ്ഥരുടെ കീശയിലെത്തുന്നത് ലക്ഷങ്ങൾ. കാഞ്ഞങ്ങാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പണം പിരിക്കാൻ ഉദ്യോഗസ്ഥരും ഏജന്‍റുമാരും ചേർന്ന മാഫിയ തന്നെ പ്രവർത്തിക്കുന്നതായാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഡയറക്‌ടർക്ക് വിജിലൻസ് കൈമാറിയിട്ടുണ്ട്.
പരസ്യമായാണ് ഏജന്‍റുമാർ പണം പിരിക്കുന്നതെങ്കിലും ടെസ്റ്റിൽ പരാജയപ്പെടുത്തിയേക്കാം എന്ന് ഭയന്ന് ആരും പുറത്ത് പറയാറില്ല. ഇതുസംബന്ധിച്ച് പരാതി ഇല്ലാത്തതാണ് വിജിലൻസിനെ കുഴയ്‌ക്കുന്നത്. ഇരുചക്ര വാഹനത്തിന് 1000 രൂപയും മറ്റു വാഹനങ്ങൾക്ക് 2000 മുതൽ 3000 വരെയുമാണ് ഏജന്‍റുമാർ പിരിച്ചെടുക്കുന്നത്. പണം നൽകാത്ത സ്‌കൂളുകൾ ഉണ്ടെങ്കിൽ അവരുടെ പഠിതാക്കളെ ടെസ്റ്റിൽ പരാജയപ്പെടുത്തുന്നതായും ആരോപണമുണ്ട്.
ALSO READ:കെ. സുധാകരനെതിരെ ഇപ്പോള്‍ പ്രചാരണം വേണ്ടെന്ന് സിപിഎം
വിജിലൻസിന്‍റെ റെയ്‌ഡ് ഉണ്ടായാൽ പിടിക്കപ്പെടാതിരിക്കാൻ ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തു നിന്നാണ് ഏജന്‍റുമാർ പിരിവ് നടത്തുന്നത്. പിന്നീട് വീതം വയ്ക്കും. വിദേശത്തേക്ക് പോകുന്നവരിൽ നിന്നും 5000 രൂപ വരെ ഈടാക്കുന്നതായാണ് വിവരം. കൊവിഡ് കാലത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയതോടെ നിരവധി അപേക്ഷകരാണ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നത്. ഇത് മുതലാക്കിയാണ് ഉദ്യോഗസ്ഥരും ഏജന്‍റുമാരുമടങ്ങിയ ലോബി സജീവമാകുന്നത്.
എന്നാൽ പരാതി ലഭിച്ചാൽ കർശന പരിശോധന നടത്തുമെന്നും ഇത്തരക്കാരെ പിടികൂടാൻ മിന്നൽ പരിശോധന തുടരുമെന്നും വിജിലൻസ് ഡിവൈഎസ്‌പി കെ.വി വേണുഗോപാൽ പറഞ്ഞു.