കാസർകോട്: 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്‍റും വിജിലൻസ് പിടിയിൽ. വില്ലേജ് ഓഫിസർ കണ്ണൂർ കരിവെള്ളൂരിലെ സന്തോഷ് (49), വില്ലേജ് അസിസ്റ്റന്‍റ് കണ്ണൂർ മാതമംഗലം പുറക്കുന്നിലെ മഹേഷ് (45) എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും പിടികൂടിയത്.
പെരിങ്ങാര സ്വദേശി നിഷയുടെ പരാതിയിലായിരുന്നു അറസ്റ്റ്. നിഷയുടെ കുടുംബ സ്വത്തായ 50 സെന്‍റ് സ്ഥലത്തിന് പട്ടയം നൽകുന്നതിന് ഇരുവരും ചേർന്ന് 25,000 രൂപ കൈക്കൂലി ചോദിച്ചിരുന്നു. തുടർന്ന് നിഷ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
വില്ലേജ് ഓഫിസിൽ വെച്ച് ഫിനോഫ്‌തലിൻ പുരട്ടിയ 10,000 രൂപ വാങ്ങുന്നതിനിടെയാണ് മഫ്‌തിയിലെത്തിയ വിജിലൻസ് സംഘം ഇരുവരെയും പിടികൂടിയത്.