കാസര്‍കോട് ഡിസിസിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലെ ഏകോപനയില്ലായ്മ പരിഹരിക്കുമെന്നും കൃത്യമായ പദ്ധതികളോടെ പ്രചാരണം നടക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്‍റെ നിസഹകരണത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെ പരിഹാരമുണ്ടായത്.
പ്രചാരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഹക്കീം കുന്നിലിനെതിരെ രംഗത്ത് വരികയായിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ തന്നിഷ്ടത്തോടെയുള്ള നീക്കങ്ങളാണ് ഹക്കീം കുന്നില്‍ നടത്തുന്നതെന്ന് ഉണ്ണിത്താന്‍ തുറന്നടിച്ചു. തുടര്‍ന്ന് രാവിലത്തെ പ്രചാരണ പരിപാടികള്‍ മാറ്റി വെക്കുകയും ചെയ്തു.
പിന്നീട് യുഡിഎഫ് യോഗം ചേര്‍ന്ന് പ്രശ്ന പരിഹാര ഫോര്‍മുലകള്‍ മുന്നോട്ട് വച്ചു. യുഡിഎഫ് നിശ്ചയിക്കുന്നതിനനുസരിച്ച പ്രചാരണങ്ങളാവും ഇനി നടക്കുകയെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ സികെ ശ്രീധരനും കെപി കുഞ്ഞിക്കണ്ണനും മുന്‍കയ്യെടുത്താണ് സമവായ നീക്കങ്ങള്‍ നടത്തിയത്. ഡിസിസി പ്രസിഡന്റിനെതിരെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പ് തുടരുന്നത് വരും നാളുകളിലും യുഡിഎഫിന് തലവേദനയാകും.