കാസർകോട്: മതസൗഹാർദത്തിന്‍റെയും മാനുഷിക സ്‌നേഹത്തിന്‍റെയും സന്ദേശം നൽകി പള്ളിവാളുമേന്തി വെളിച്ചപ്പാട് പള്ളിമുറ്റത്ത്. ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും അതിർവരമ്പുകൾ തീർക്കുന്ന ഇക്കാലത്ത് മത സൗഹാർദത്തിന്‍റെ മഹനീയ മാതൃകയാണ് മഞ്ചേശ്വരം മാട ഉദ്യാവര അരസു മഞ്ചിഷ്‌ണാര്‍ ക്ഷേത്രവും ആയിരം ജമാഅത്ത് പള്ളിയും. പുണ്യ മാസമായ റമദാനിലെ ജുമുഅ നമസ്‌കാരം കഴിഞ്ഞിറങ്ങിയ മുസ്‌ലിം വിശ്വാസികൾ വെളിച്ചപ്പാടിനെയും പരിവാരങ്ങളെയും സർവ ആദരവോടെയും സ്വീകരിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും പുരാതന ആരാധനാലയങ്ങളിൽപ്പെട്ടതാണ് ഉദ്യാവര അരസു മഞ്ചിഷ്‌ണാര്‍ ക്ഷേത്രവും ആയിരം ജമാഅത്ത് ജുമുഅ മസ്‌ജിദും. ഇവിടെത്തെ മതസൗഹൃദ ആചാര അനുഷ്‌ഠാനങ്ങൾക്കും പോലും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണിക്കാന്‍ വെളിച്ചപ്പാടും പരിവാരങ്ങളും പള്ളിയില്‍ പോവുകയും പള്ളിയിലെ ഉറൂസിന് ക്ഷണിക്കാന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തില്‍ എത്തുന്നതും ഇവിടെ സാധാരണമാണ്. ക്ഷണവുമായി വരുന്നവരെ സർവ ആദരവോടെ സ്വീകരിക്കും.
മെയ് 9 മുതൽ 12 വരെ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന് ക്ഷണിക്കാനാണ് വെളിച്ചപ്പാടും ക്ഷേത്രം ഭാരവാഹികളും വിശ്വാസികളും ആയിരം ജമാഅത്ത് ജുമുഅ മസ്‌ജിദ് മുറ്റത്ത് എത്തുന്നത്. വിഷു കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ചയായാണ് ഇതിനായി തെരെഞ്ഞെടുക്കുന്നത്. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷമാണ് വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളും നാട്ടുകാരും പുറപ്പെട്ടത്.
ജമാഅത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ ഉപചാരപൂര്‍വമുള്ള വരവേല്‍പ്പ് സ്വീകരിച്ച വെളിച്ചപ്പാടുകള്‍ കൊമ്പുവിളിയുടെ പശ്ചാത്തലത്തില്‍ ഗുണം വരണമെയെന്ന് അരുളി അനുഗ്രഹിച്ചു. ഈ വര്‍ഷത്തെ ഉത്സവത്തിന് എത്താന്‍ ഏവരേയും ക്ഷണിച്ച ശേഷം ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങിയാണ് വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്ത് നിന്നും മടങ്ങിയത്.
ഉദ്യാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാവശ്യമുള്ള സാധനങ്ങള്‍ ഒരുക്കുന്നതിന് ആയിരം ജമാഅത്തും സഹകരിക്കും. അതുപോലെ തന്നെ പള്ളിയിലെ ഉറൂസിന് ക്ഷേത്രം വക അരി, നെയ്യ്, എണ്ണ തുടങ്ങിയവ കൊടുക്കും. എഴുന്നള്ളിച്ചാണ് അവ എത്തിക്കുന്നത്.
മൂന്നു തെയ്യങ്ങളാണ് ഇവിടെ ഉത്സവത്തിന്‍റെ ഭാഗമായി കെട്ടിയാടുക. തെയ്യം കാണാൻ മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരും ഇവിടെ എത്താറുണ്ട്. ഇവർക്ക് പ്രത്യേക സ്ഥാനവും ഇവിടെ ഉണ്ട്. ഉത്സവകാലങ്ങളിൽ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിം വിശ്വാസികൾക്ക് വിലക്കേർപ്പെടുത്തുന്ന ബോർഡ് പ്രത്യക്ഷപ്പെട്ട ഇക്കാലത്ത് ഈ കാഴ്‌ച ആരുടെ മനസിലും മത സൗഹാർദത്തിന്‍റെ സന്ദേശം നൽകുമെന്ന് ഉറപ്പാണ്.