കാസർകോട്: ജില്ലയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 243.38 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. ചെമ്മനാട് സ്വദേശി ഉബൈദ്, കീഴൂർ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ബേക്കൽ ഡിവൈഎസ്‌പി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കീഴൂർ, ചെമ്മനാട് മേഖലയിൽ സ്ഥിരമായി ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് ഇതര സംസ്ഥാനങ്ങളിലെ ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
സമീപ കാലത്ത് പൊലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരേയും സംഘത്തിലെ മറ്റു ആളുകളെ കുറിച്ചും കൂടുതലായി അന്വേഷണം ആരംഭിച്ചതായും ഇതിനായി സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് രൂപീകരിച്ചതായും സക്സേന പറഞ്ഞു.
മയക്കുമരുന്ന് നിരോധന നിയമ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അറസ്റ്റ് ചെയ്‌ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാസർകോട് സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: വളർത്തു പൂച്ചയെ കൊന്നു; യുവതിയുടെ പരാതിയിൽ അയൽവാസി അറസ്റ്റിൽ