കാസർകോട്: മണ്ണില്‍ വേരൂന്നിയ നിരവധി മരങ്ങളിലൂടെ സുഗതകുമാരി ടീച്ചര്‍ മലയാളികളുടെ ഓര്‍മകളിലേക്കെത്തും. അങ്ങനെയൊരു ഓര്‍മ മരമുണ്ട് കാസര്‍കോട് നഗരത്തില്‍. പുതിയ ബസ് സ്റ്റാന്‍റിന് സമീപം ദേശീയ പാതയോരത്ത് ടീച്ചര്‍ നട്ട തേന്‍മാവ് ഇന്ന് കായ്ച്ചിട്ടുണ്ട്. 14വര്‍ഷം പ്രായമുണ്ട് ഈ തേന്‍മാവിന്. കവിതകളിലൂടെ പരിസ്ഥിതിയെയും മരങ്ങളെയും സ്‌നേഹിച്ച സുഗതകുമാരി ടീച്ചറുടെ ഓര്‍മകളുമായി പൂത്ത് നില്‍ക്കുകയാണ് ഈ മാവ്.
എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത മണ്ണിലേക്ക് 2006ല്‍ എത്തിയപ്പോഴാണ് കാസര്‍കോട് നഗരത്തില്‍ ഇന്ന് തലയെടുപ്പോടെ പൂത്ത് നില്‍ക്കുന്ന ഈ തേന്‍മാവ് ടീച്ചര്‍ നട്ടത് . തണല്‍മരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്. കവിതകളിലൊരോന്നിലും മണ്ണിനെയും പ്രകൃതിയെയും ചേര്‍ത്ത് നിര്‍ത്തിയ ടീച്ചര്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ കാസര്‍കോട്ടുകാര്‍ ടീച്ചറെ ഈ തേന്‍മാവിലൂടെ ഓര്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്ക് വേദിയായ ഒപ്പുമരത്തിനൊപ്പം ഈ മരവും പടര്‍ന്നു പന്തലിക്കും. അടുത്ത തലമുറയ്ക്ക് ടീച്ചറെ ഈ മരത്തിന്‍റെ കഥയിലൂടെ കാസര്‍കോട്ടുകാര്‍ പരിചയപ്പെടുത്തും.