കാസര്‍കോട്: കറന്തക്കാട് സര്‍ക്കിളിലുള്ള ഉപയോഗശൂന്യമായ കിണര്‍ നന്നാക്കി, പരിസരം സൗന്ദര്യവത്കരിക്കാനുള്ള പദ്ധതിയുമായി കാസര്‍കോട് റോട്ടറി ക്ലബ്ബ്. രണ്ടര ലക്ഷം രൂപ ചിലവിലാണ് റോട്ടറി കോര്‍ണര്‍ ഒരുക്കുന്നത്. പ്രഭാതസവാരിക്കാര്‍ക്കുള്ള വ്യായാമ സംവിധാനവും ഒരുക്കും. ഇതിനായി ഉപകരണങ്ങളടക്കം സ്ഥാപിക്കും.
റോട്ടറി ക്ലബ്ബ് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്, ഒരു കാലത്ത് കുടിവെള്ള ശ്രോതസ്സായിരുന്ന കിണര്‍ നവീകരിക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞ് നശിച്ച കിണര്‍ വീണ്ടെടുക്കാനാണ് ശ്രമം. വെള്ളം ശുദ്ധീകരിച്ച് പരിസരങ്ങളിലുള്ളവര്‍ക്ക് ലഭ്യമാക്കാനും പദ്ധതിയുണ്ട്.
also read: മറയൂരിൽ വിളകൾ നശിപ്പിച്ച് കാട്ടുപോത്ത്; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് കർഷകർ
റോട്ടറി കോര്‍ണര്‍ എന്ന് പേരിട്ട് പുല്‍ച്ചെടികള്‍ അടക്കം നട്ട് പാര്‍ക്കിന് സമാനമായിരിക്കും സൗന്ദര്യവത്കരണം. നഗരസഭയുടെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കിണറിന്‍റെ ആള്‍മറ ഉയരം കൂട്ടുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കും. കാസര്‍കോട് നഗരത്തിന് സൗന്ദര്യം നല്‍കുന്ന വിശ്രമ കേന്ദ്രമായി റോട്ടറി കോര്‍ണര്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.