കാസർകോട്: പുകയില മണക്കുന്ന പാടങ്ങൾ, പുലർച്ചെ രണ്ടുമണി മുതൽ പാടത്ത് സജീവമാകുന്ന കൃഷിക്കാർ... ഇങ്ങനെ കേരളത്തിൽ മറ്റൊരിടത്തും കാണാത്ത അപൂര്‍വയിനം കൃഷി രീതി പിന്തുടരുന്ന കുറച്ചു കർഷകരുണ്ട് കാസർകോട്. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ലയാണ് കാസർകോട്.
പള്ളിക്കര, കുനിയ, കല്യോട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് ‘ചപ്പ്’ എന്ന് നാടൻ ഭാഷയിൽ അറിയപ്പെടുന്ന പുകയില കൃഷിയുള്ളത്. പാരമ്പര്യമായി കൃഷി ചെയ്യുന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം കർഷകരും. വലിയ ആദായം ഇല്ലെങ്കിലും ജീവിക്കാനാവശ്യമുള്ള വരുമാനം കൃഷിയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
അപൂര്‍വ കൃഷി രീതി: സാധാരണയായി സെപ്‌റ്റംബര്‍-നവംബർ മാസത്തിലാണ് പുകയില കൃഷി തുടങ്ങുന്നത്. നെൽക്കൃഷി കഴിഞ്ഞാൽ വരണ്ടുണങ്ങിയ പാടങ്ങൾ കിളച്ചു മറിച്ച് പുകയിലക്കൃഷിക്കായി തട്ട് തട്ടാക്കി ഒരുക്കിയിടും. ചീര വിത്തിന്‍റെ വലിപ്പമുള്ള വിത്താണ് പുകയിലയുടേത്.
വിത്തിട്ടാൽ പിന്നെ വിളവെടുക്കും വരെ കഠിനധ്വാനമാണ്. സൂര്യോദയത്തിന് മുന്‍പ് വെള്ളം നനയ്ക്കണം, തളിരിലകൾ വന്നാൽ പറിച്ചു നടണം, കീടങ്ങൾ വരാതെ ശ്രദ്ധിക്കണം, വെയിൽ നേരിട്ട് പതിക്കുന്നത് തടയാൻ പന്തൽ ഒരുക്കണം. പുകയില കണ്ടത്തില്‍ തന്നെ കുഴിയുണ്ടാക്കി അതില്‍ നിന്നും നനയ്ക്കുകയാണ് പൊതുവെയുള്ള രീതി.
വെയില്‍ ചൂട് കടുത്ത് ഇലകളിലെ മഞ്ഞുവെള്ളം വറ്റും മുന്‍പ് ചെടികള്‍ക്ക് മുകളിലൂടെ വെള്ളം ഒഴിച്ച് തടം നനക്കും. ഇങ്ങനെ ഉണ്ടാക്കുന്ന പുകയിലക്ക് ഗുണം കുടൂമെന്ന് കര്‍ഷകര്‍ പറയുന്നു. മഴ വില്ലനായി എത്തിയില്ലെങ്കിൽ നല്ല വിളവ് തരുന്നതാണ് പുകയില കൃഷി.
ഏപ്രിൽ-മെയ് മാസങ്ങളിലാണ് വിളവെടുപ്പ് നടക്കുക. പാകമായ തൈകളുടെ തല കൃത്യസമയത്ത് വെട്ടി നിർത്തണം. ഇത്തരത്തിൽ വെട്ടി നിർത്തിയ തൈകൾ കൃത്യം വളർച്ച എത്തി വെട്ടി എടുത്താൽ പിന്നെ 21 ദിവസം ഉണക്കണം, അതാണ് ഏറ്റവും പ്രധാനം.
വെള്ളം നനയുകയോ ഈർപ്പം തട്ടുകയോ ചെയ്യാത്ത രീതിയിൽ പ്രത്യേകം തയ്യാറാക്കിയ ഷെഡിൽ തല കീഴായി കെട്ടി തൂക്കി ഉണക്കി എടുക്കണം. പിന്നീട് പത്ത് ദിവസം വീടുകളിൽ സൂക്ഷിക്കണം. ഇതിന് ശേഷമാണ് വിപണനം.
പുകയില കൃഷി ചെയ്യുന്ന ഏക ജില്ല: സമീപ സംസ്ഥാനമായ കർണാടകയാണ് പ്രധാന വിപണന കേന്ദ്രം. ഏജന്‍റുമാരാണ് കർഷകരിൽ നിന്നും പുകയില വാങ്ങി കർണാടകയിൽ എത്തിക്കുന്നത്. ബീഡയ്ക്കും പുകയില ഉൽപ്പന്നങ്ങൾക്കുമാണ് കാസർകോട്ടെ പുകയില പ്രധാനമായും ഉപയോഗിക്കുന്നത്.
പുകയില കൃഷിയിൽ നല്ല പരിചയവും അനുഭവവുമുള്ള ആളുകളാണ് പുകയില ഒന്നാംതരം, രണ്ടാംതരം എന്നിങ്ങനെ വേർതിരിച്ചു കെട്ടുകളാക്കുന്നത്. ആവശ്യക്കാർ വീട്ടിൽ വന്ന് വാങ്ങി കൊണ്ട് പോകും. നേരത്തെ മാറ്റി വയ്ക്കുന്ന ഇലകൾ, തണ്ടുകൾ എന്നിവ മൂക്കിപ്പൊടി പോലുള്ളവ ഉണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കാറാണ് പതിവ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബേക്കല്‍ കോട്ടയുടെ തെക്കുഭാഗം മുതല്‍ ചേറ്റുകൂണ്ട് വരെ കടല്‍ തീരത്തോട് ചേര്‍ന്നുള്ള വയലുകള്‍ മാര്‍ച്ച് മാസം വരെ വിശാലമായ പുകയില പാടങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പച്ചപ്പും ചപ്പുചെടിക്ക് വെള്ളം കോരുന്ന ഗ്രാമീണരെയും ഈ പാടങ്ങളിലെങ്ങും കാണാനാകില്ല. സംസ്ഥാനത്ത് കാസര്‍കോടിന്‍റെ മാത്രം കുത്തക ആയിരുന്ന പുകയില പാടങ്ങള്‍ ഓര്‍മയാകുകയാണ്.
15 വര്‍ഷം മുന്‍പ് അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍ പെരിയ, കോടോം ബേളൂര്‍, പനത്തടി, ഉദുമ എന്നീ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുമുള്ള ധാരാളം കര്‍ഷകര്‍ പുകയില കൃഷി ചെയ്‌തിരുന്നു. നിലവില്‍ പള്ളിക്കര, പനയാല്‍, പുല്ലൂര്‍ പെരിയയിലെ കുനിയ തുടങ്ങിയ പ്രദേശങ്ങളില്‍ വിരലിലെണ്ണാവുന്ന കര്‍ഷകര്‍ മാത്രമാണ് പുകയില കൃഷി ചെയ്യുന്നത്. പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള വ്യാപക ബോധവല്‍ക്കരണവും പുതുതലമുറ പുകയില കൃഷിയില്‍ നിന്ന് മുഖം തിരിച്ചതുമാണ് പുകയില കൃഷി ശോഷിക്കാനുള്ള പ്രധാന കാരണങ്ങള്‍.